കൊച്ചി : തിരുവാങ്കുളത്തുനിന്ന് വൈറ്റിലയിലെത്താൻ കുരുക്കഴിയുന്നില്ല 12 കിലോമീറ്റർ ദൂരം താണ്ടാൻ രണ്ട് മണിക്കൂർ. നഗരത്തിനോട് തന്നെ വിരസത തോന്നിപ്പിക്കുന്ന യാത്രക്കുരുക്ക്. സംസ്ഥാനദേശീയപ്പാതയിൽ തിരുവാങ്കുളം പഞ്ചായത്ത് പടിയിലും കേശവൻപ്പടിയിലും പിന്നിങ്ങുപോന്നാൽ കരിങ്ങാച്ചിറമുതൽ വെെറ്റില വരെയും തകർന്നടിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ പാതകൾ. കരിങ്ങാച്ചിറമുതൽ വടക്കേക്കോട്ടവരെയുള്ള പി.ഡബ്ല്യു.റോഡിൽ ബസ് സ്റ്റാൻഡ് ഭാഗം എന്നേ തകർന്നതാണ്.
# നല്ല സമയം നോക്കണം
പൂണിത്തുറപാലം ഒന്നു കടന്നുകിട്ടണമെങ്കിൽ നല്ല സമയം നോക്കണം. സൂചിക്കുഴലിലൂടെ വേണം ഇവിടമൊന്ന് കടക്കാൻ . അരമണിക്കൂറിലേറെ വേണം പാലം കടക്കാൻ.
# ഇടുങ്ങിയ റോഡുകൾ
കരിങ്ങാച്ചിറ തൊട്ട് കിഴക്കേക്കോട്ട വരെയുള്ള ഭാഗം കുപ്പിക്കഴുത്ത് പോലെ ഇടുങ്ങിയതും. പഴയകെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയുമ്പോൾ റോഡിൽ നിന്ന് 3 മീറ്റർ വിട്ട് വേണം പണിയാൻ എന്ന നിബന്ധനയും പാലിക്കപ്പെടുന്നില്ല. നഗരസഭപെർമിറ്റിന് അപേക്ഷിക്കുന്ന പ്ളാനിൽ ഇതെല്ലാം ഉണ്ടാകും. പണിതു കഴിയുമ്പോൾ റോഡിനോടുചേർന്നും. റോഡിന്റെ അരികുകൾ പിന്നെ പാർക്കിംഗ് കേന്ദ്രങ്ങളുമാകും. ഇതുറപ്പ് വരുത്താൻ നഗരസഭയും മെനക്കെടാറില്ല.
#കുരുക്ക് മുറുക്കി വെെറ്റില
വൈറ്റില ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് അഴിക്കാനാകാതെ അധികൃതർ വീർപ്പുമുട്ടുന്നു. വൈറ്റിലയിലെ ഗതാഗതത്തിരക്കും റോഡിന്റെ അവസ്ഥയും നേരത്തെതന്നെയുണ്ട്. പ്രവർത്തി ദിവസങ്ങളിൽ രാവിലേയും വൈകീട്ടും വൈറ്റിലയിലെ ഒരു കിലോമീറ്റർ ദൂരം കടന്നുകിട്ടാൻ ഒരു മണിക്കൂറിലേറെ കുരുക്കിൽ കിടക്കണം. ചേർത്തല റോഡിൽ വെെറ്റില സിഗ്നൽ ജംഗ്ഷൻ മുതൽ ശിവ സുബ്രമഹ്മണ്യക്ഷേത്രം വരെയുള്ള ഭാഗം ഗർത്തങ്ങൾ നിറഞ്ഞ വലിയൊരു തോടായി.
ട്രാഫിക് പരിഷ്കാരവും അവതാളത്തിലാക്കി
ദേശീയപാതയിലെ ഗതാഗതം സുഗമമാക്കാൻ നടപ്പാക്കിയ ട്രാഫിക് പരിഷ്കാരം വൈറ്റിലയ്ക്കു ചുറ്റുമുള്ള താമസക്കാരെയും വിദ്യാർത്ഥികളെയും അപകടത്തിലാക്കി. നെടുകെയും കുറുകെയും വാഹനങ്ങൾ കടന്നുപോകുന്നത് സർവത്ര ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത് .
ഓട്ടോറിക്ഷ മാത്രം കടന്നുപോകാൻ വീതിയുള്ള സ്ഥലത്തേക്കു കാറുകൾ കുത്തിക്കയറ്റുന്നു. കടവന്ത്രയിൽ നിന്ന് വെെറ്റിലയെത്താൻ രണ്ട് മണിക്കൂറെങ്കിലും വേണമെന്നതാണവസ്ഥ. വെെറ്റിലപ്പാലം കഴിഞ്ഞാൽ സിഗ്നൽ ജംഗ്ഷൻ വരെ സൂചിക്കുഴൽപ്പോലെ റോഡ് ഇടുങ്ങി ഗതാഗതം ദുഷ്കരമാക്കുന്നു.
രണ്ട് വർഷത്തിനുള്ളിൽ റോഡ് പണി പൂർത്തിയാകും
തിരുവാങ്കുളം - തൃപ്പൂണിത്തുറ റോഡിന്റേയും, പേട്ട- എസ്.എൻ.ജംഗ്ഷൻ- കരിങ്ങാച്ചിറ റോഡിന്റേയും നവീകരണത്തിന് കരാറായിട്ടുണ്ട്. കരിങ്ങാച്ചിറയിൽ പുതിയ ട്രാഫിക് സംവിധാനം ഏർപ്പെടുത്തിയതോടെ കുരുക്ക് കുറച്ച് ഒഴിവായിട്ടുണ്ട്.
ചിത്രപ്പുഴബണ്ട് റോഡിൽ തൃപ്പൂണിത്തുറ നഗരസഭ ഗ്യാസ് പെെപ്പ്ലെെൻ ഇട്ടതുമൂലമാണ് കുരുക്കിൽപ്പെടാതെ മാമലക്കവലയിൽ എത്തുവാൻ കഴിയുന്ന ബെെപ്പാസ് നിർമ്മാണം അവതാളത്തിലായത്. തൃപ്പൂണിത്തുറ മുതൽ പൂന്തോട്ട വരെയുള്ളഭാഗം 22 മീറ്ററായി വീതിക്കൂട്ടാൻ സ്ഥലമെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്. രണ്ട് വർഷത്തിനുള്ളിൽ റോഡ് പണി പൂർത്തീകരിക്കും.
എെസക്ക് വർഗീസ് ,എക്സി.എൻജിനീയർ പൊതുമരാമത്ത് വിഭാഗം