കൊച്ചി: പ്ലാസ്റ്റിക് നിരോധനത്തിന് ആറു മാസത്തെ സാവകാശം നൽകണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്‌സ് ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) കേരള സ്റ്റേറ്റ് കൗൺസിൽ മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും നിവേദനം നൽകി. പ്ലാസ്റ്റിക് നിർമ്മാതാക്കളിൽ പലതും ചെറുകിട ഇടത്തരം വ്യവസായ സംരംഭകരാണ്. ബാങ്ക് വായ്പയെടുത്താണ് മിക്കവരും പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട സംരംഭങ്ങൾ നടത്തിക്കൊണ്ടു പോകുന്നത്. പെട്ടെന്നുള്ള നിരോധനം അവരുടെ നിലനിൽപ്പിനെ സാരമായി ബാധിക്കും. ഇതിനകം തന്നെ ഉത്പാദനം നടത്തിക്കഴിഞ്ഞ കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള അസംസ്‌കൃത വസ്തുക്കളും ഫിനിഷ്ഡ് ഉൽപ്പന്നങ്ങളും തിരിച്ചുപിടിക്കാൻ കഴിയില്ല. ഇത് നിർമ്മാതാക്കൾക്ക് വൻ ബാധ്യത വരുത്തിവെക്കുമെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ ചെയർമാൻ ദീപക് എൽ അശ്വനി നൽകിയ നിവേദനത്തിൽ പറയുന്നു.
വാണിജ്യ വ്യവസായ മേഖലകൾ ഇതിനകം തന്നെ രൂക്ഷമായ പ്രതിസന്ധികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ജി.എസ്.ടിയും രാജ്യത്തെ പൊതുവിലുള്ള സാമ്പത്തിക മാന്ദ്യവും ഈ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും നിയമം നടപ്പിലാക്കുന്നതിൽ ഇളവ് നൽകുന്നത് സംസ്ഥാനത്തെ വ്യാപാര വ്യവസായമേഖലക്ക് സഹായകമാകും. പ്ലാസ്റ്റിക്കിനെതിരായ വ്യാപകമായ പ്രചാരണം നൽകുന്നതിന് ആറ് മാസ കാലയളവ് ഫലപ്രദമായി ഉപയോഗിക്കാൻ സർക്കാരിനാകും. കൂടാതെ ബയോ ഡൈജസ്റ്റബിൾ കോമ്പോസിറ്റ് പ്ലാസ്റ്റിക്ക് അല്ലെങ്കിൽ മറ്റേതെങ്കിലും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ ഈ കാലയളവിൽ വികസിപ്പിക്കാൻ സാധിക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.