കൊച്ചി : ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ 119-ാമത് വിമാന ഇന്ധന സ്റ്റേഷൻ ലക്ഷദ്വീപിലെ അഗത്തിയിൽ പ്രവർത്തനം ആരംഭിച്ചു. കൊച്ചി - അഗത്തി അലയൻസ് എയർ വിമാനത്തിന് ഇന്ധനം നിറച്ചായിരുന്നു ഉദ്ഘാടനം.
നാവികസേന, പവൻഹാൻസ്, കോസ്റ്റ് ഗാർഡ്, മറ്റു ചാർട്ടേഡ് വിമാനങ്ങൾ എന്നിവയ്ക്കും അഗത്തിയിൽ ഇന്ധനം ലഭിക്കും. ലക്ഷദ്വീപിൽ റൺവേ സ്ട്രിപ്പുള്ള ഏക വിമാനത്താവളമാണ് അഗത്തി. പ്രതിദിനം 2- 3 വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ കഴിയും.
സമുദ്ര നിരപ്പിൽ നിന്ന് 10,682 അടി ഉയരത്തിൽ മഞ്ഞുമൂടിയ ലേ മുതൽ വിദൂരമായ ആൻഡമാൻ - നിക്കോബാർ ദ്വീപുകൾ വരെ ഇന്ത്യൻ ഓയിലിന്റെ സേവനം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.