കിഴക്കമ്പലം: പ്ളാസ്റ്റിക്കിനെതിരെ പോരാടാൻ കുരുന്നുകളും. കുമ്മനോട് ഗവ.യു.പി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിലെ കുരുന്നുകളാണ് പ്ലാസ്റ്റിക് രഹിത പുതുവത്സരത്തെ വരവേല്ക്കാൻ പേപ്പർ ബാഗ് നിർമ്മിച്ച് സ്കൂളിനു സമീപമുള്ള വീടുകളിൽ പ്രചരണം നടത്തിയത്. അദ്ധ്യാപകരുടെ സഹായത്തോടെയാണ് ബാഗ് നിർമ്മാണം നടത്തിയത്. പ്ളാസ്റ്റിക്ക് ഉപയോഗം പാടില്ലെന്ന സന്ദേശം ഉയർത്തി ബാഗിനു പുറത്ത് പുതുവത്സരാശംസകളും നേർന്ന് ഓരോ വീട്ടുകാർക്കും ബാഗ് സൗജന്യമായി നല്കി. ബാഗുകൾക്കൊപ്പം കുട്ടികൾ തയ്യാറാക്കിയ പുതുവത്സരാശംസ കാർഡുകളും വിതരണം ചെയ്തു.മധുര പലഹാരങ്ങൾ നല്കിയാണ് ഓരോ വീട്ടുകാരും കുട്ടികളെ വരവേറ്റത്. ഹെഡ് മിസ്ട്രസ് എം.പി ജയ, അദ്ധ്യാപകരായ സൂസൻ അലക്സാണ്ടർ, ബീമ ബീവി, മോൾസി ബാബു, ശ്രീകല, രജിത അയ്യപ്പൻകുട്ടി തുടങ്ങിയവർ നേതൃത്വം നല്കി.