കോലഞ്ചേരി: സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ അപകടം പതിയിരിക്കുന്ന തേക്കടി എറണാകുളം സംസ്ഥാന പാത പട്ടിമറ്റത്തിനടുത്ത് അത്താണിയിൽ പെരിയാർ വാലി കനാൽ ക്രോസിംഗിൽ സംരക്ഷണ ഭിത്തി നിർമ്മിക്കാനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. കനാലിന് ഇരു വശവും കാഴ്ച മറച്ച് വളർന്നു നിന്ന കാടും മരങ്ങളും തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ വെട്ടി നീക്കി. ഇതു സംബന്ധിച്ച് 'കേരള കൗമുദി' വാർത്തയെ തുടർന്ന് എം.എൽ. എ വി.പി സജീന്ദ്രൻ ഇടപെട്ട് റോഡിനിരുവശവും കനാലിനോട് ചേർന്ന് സംരക്ഷണ ഭിത്തിയായി ഇരുമ്പു വേലി നിർമ്മിക്കാൻ തീരുമാനമാക്കിയത്.
നേരത്തെ ഇവിടെ തൃപ്പൂണിത്തുറ സ്വദേശിയായ ഒരു കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കനാലിൽ വീണിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് അവർക്ക് ജീവൻ തിരിച്ചു കിട്ടിയത്. കനാലിന്റെ ഏറ്റവും താഴ്ചയേറിയ ഭാഗമായ ഇവിടെ റോഡ് നിരപ്പിൽ നിന്നും മുപ്പതടിയിൽ കൂടുതൽ താഴ്ചയിലാണ് കനാലൊഴുകുന്നത്. മലയോര മേഖലകളിൽ നിന്നും ജില്ലാ ഭരണ സിരാ കേന്ദ്രമായ കാക്കനാടേയ്ക്ക് എത്തുന്ന എളുപ്പ വഴിയാണിത്. സ്കൂൾ ബസുകളും, ടൂറിസ്റ്റ് വാഹനങ്ങളുമടക്കം പ്രതി ദിനം നിരവധി വാഹനങ്ങൾ കടന്നു പോകുന്ന വഴിയാണിത്. മൂവാറ്റുപുഴയിൽ നിന്നും പള്ളിക്കരയിലേക്കുള്ള എളുപ്പ വഴി കൂടിയാണിത്. വഴിയെ കുറിച്ചും, കനാലിനെ കുറിച്ചും കൃത്യമായ ധാരണയില്ലാത്തവർ ഈ വഴി വന്നാൽ ഇവിടെ അപകടത്തിൽ പെടാനുള്ള സാദ്ധ്യതകൾ കൂടുതലാണ്. വഴി പരിചയമില്ലാത്തവർക്ക് അവിടെ കനാലുണ്ടെന്ന് തിരിച്ചറിയാനാകില്ല. മനയ്ക്കക്കടവ് നെല്ലാട് റോഡിന്റെ ഭാഗമയി വരുന്നതാണിവിടം.
സൂചന ബോർഡുകൾ സ്ഥാപിക്കും
കനാൽ ഉണ്ടെന്ന് തിരിച്ചറിയുന്ന സൂചന ബോർഡുകൾ ഇരു വശത്തും സ്ഥാപിക്കും. റോഡിന്റെ പുനരുദ്ധാരണത്തിനൊപ്പം സംരക്ഷണ ഭിത്തി നിർമ്മാണവും പൂർത്തിയാക്കും.
വി.പി സജീന്ദ്രൻ എം.എൽ.എ