keragramam
ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ പഞ്ചായത്തുകളിൽ ആരംഭിക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിക്കുന്നു

മൂവാറ്റുപുഴ: തിരഞ്ഞെടുത്ത പഞ്ചായത്തുകളിലാണ് കേരഗ്രാമം പദ്ധതി ഇപ്പോൾ നടപ്പിലാക്കുന്നതെന്നും തെങ്ങ് കൃഷിയുടെ സമഗ്രവികസനത്തിനായി എല്ലാ പഞ്ചായത്തുകളിലേക്കും കേരഗ്രാമം പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി വി.എസ്.സുനിൽ കുമാർ പറഞ്ഞു. സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ പഞ്ചായത്തുകളിൽ ആരംഭിക്കുന്ന കേരഗ്രാമം പദ്ധതി വാഴക്കുളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പും, ആരോഗ്യ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പച്ചക്കറി കൃഷി വിദ്യാലയങ്ങളിലും, വീടുകളിലും, അങ്കണവാടികളിലും, സർക്കാർ സ്ഥാപനങ്ങളിലുൾപ്പടെ മുഴുവൻ തരിശ് പ്രദേശങ്ങളിലും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ജെ.ജോർജ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കൃഷി ഓഫീസർ സിബി ജോസഫ് പേരയിൽ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീന സണ്ണി, റെബി ജോസ് എന്നിവർ സംസാരിച്ചു. കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആയവന ഗ്രാമപഞ്ചായത്തുകളിലായി നടപ്പിലാക്കുന്ന പദ്ധതിയ്ക്കായി കൃഷി വകുപ്പിൽ നിന്നും 50ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നാളികേര ഉല്പാപദനക്ഷമത വർദ്ധിപ്പിക്കുന്നതിന് കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര ഗ്രാമം പദ്ധതി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലാണ് നടപ്പിലാക്കുന്നത്. രോഗബാധിതയായ തെങ്ങുകൾ വെട്ടിമാറ്റി പുതിയ തെങ്ങിൻ തൈകൾ നടുന്നതടക്കുമുള്ള സംയോജിത കൃഷിപരിപാലനം, കിണർ , മോട്ടോർ, ലി്ര്രഫ് ഇറിഗേഷൻ പ്രൊജക്ടുകൾ അടക്കമുള്ള ജലസേചന പദ്ധതികൾ, യന്ത്രങ്ങൾ, മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ ഉലാപാദനവും, വിപണനം എന്നിവയാണ് പദ്ധതിലൂടെ ലക്ഷമിടുന്നത് .