കൊച്ചി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് വസ്തുക്കൾക്ക് ഇന്നലെ മുതൽ സർക്കാർ നിരോധനം പ്രഖ്യാപിച്ചെങ്കിലും കൊച്ചി കോർപ്പറേഷനിൽ പഴയ നില തുടരുന്നു. ഓൺലൈൻ ഭക്ഷ്യശൃഖലകൾ വഴിയുള്ള പാഴ്സലുകൾ ഇന്നലെയും പതിവുപോലെ പ്ളാസ്റ്റിക് കാരിബാഗുകളിലെത്തി. പച്ചക്കറി, പലവ്യഞ്ജന കടകളും കാരിബാഗിന്റെ ഉപയോഗം അവസാനിപ്പിച്ചിട്ടില്ല. പ്ളാസ്റ്റിക് നിരോധനമൊന്നും കൊച്ചിയെ ബാധിച്ചിട്ടില്ലെന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്ന കോർപ്പറേഷൻ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നു മാത്രമല്ല, പ്രവർത്തന രൂപരേഖ തയ്യാറാക്കുന്നതിലും പരാജയപ്പെട്ടു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരുടെ മാറ്റവും മേയറുടെ രാജി ആവശ്യപ്പെട്ടുള്ള തർക്കങ്ങളും പ്ളാസ്റ്റിക് നിരോധനത്തെയും ബാധിച്ചു. വഴിപാടു പോലെ ഹെൽത്ത് സർക്കിൾ തലത്തിൽ യോഗങ്ങൾ നടത്തിയതല്ലാതെ പ്ളാസ്റ്റിക് നിരോധനത്തെ കുറിച്ച് ആലോചിക്കുന്നതിനായി വ്യാപാരി, വ്യവസായി, റസിഡന്റ്സ് അസോസിയേഷനുകളുടെ യോഗം വിളിച്ചുചേർക്കാൻ പോലും നഗരസഭ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
# കൂടിയാലോചനയില്ലാതെ നഗരസഭ
വീടുകളിൽ നിന്നുള്ള പ്ളാസ്റ്റിക് ശേഖരണം തത്കാലം നിർത്തിവക്കില്ലെന്ന മേയറുടെ ഉറപ്പ് നാടിനെ വീണ്ടും പ്ളാസ്റ്റിക് സംഭരണ കേന്ദ്രമാക്കി മാറ്റുകയാണ്. അതേസമയം പ്ളാസ്റ്റിക് എത്രകാലം എടുക്കുമെന്ന ചോദ്യത്തിന് മേയർക്കോ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷക്കോ കൃത്യമായ മറുപടിയില്ല. പ്ളാസ്റ്റിക് നിരോധനത്തിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി സമിതി മുന്നോട്ടുവച്ച നിർദേശങ്ങൾ അംഗീകരിക്കാൻ മേയർ തയ്യാറാകുന്നില്ലെന്ന് ആരോഗ്യ സ്ഥിരംസമിതിയുടെ ചുമതലക്കാരായ എൽ.ഡി.എഫ് പറയുന്നു. പ്ളാസ്റ്റിക്കിനെതിരെ ഡിവിഷൻ തലത്തിൽ ബോധവത്ക്കരണ പരിപാടികൾ ആരംഭിക്കണമെന്ന നിർദേശം നടപ്പാക്കാൻ മേയർ നടപടി സ്വീകരിച്ചില്ല.വ്യാപാരികളുടെയും റെസിഡൻസ് അസോസിയേഷനുകളുടെയും യോഗം വിളിച്ചുചേർക്കണമെന്ന കളക്ടറുടെ നിർദേശം പാലിച്ചില്ല. പ്ലാസ്റ്റിക് നിരോധനം കൗൺസിൽ യോഗത്തിൽ ചർച്ചയായില്ല. ക്രിസ്മസ് പുതുവത്സരത്തിന്റെ ഭാഗമായി വാക്കത്തൺ സംഘടിപ്പിക്കണമെന്ന നിർദേശവും നടപ്പായില്ല. കുടുംബശ്രീ യൂണിറ്റുകളെ പങ്കെടുപ്പിച്ച് ബദൽ സംവിധാനമായി തുണിസഞ്ചികളോ പേപ്പർ ബാഗുകളോ വിപണിയിലെത്തിക്കാൻ ഇടപെട്ടില്ല. നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനുള്ള നിർദേശങ്ങൾ മുൻഗണനാരീതിയിൽ പരിഗണിച്ചില്ല. എന്നിങ്ങനെ പ്രതിപക്ഷം ഭരണസമിതിയുടെ പിഴവുകൾ എണ്ണിപ്പറഞ്ഞു.
# മിന്നൽ പരിശോധന നടത്തും
പ്ളാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ വ്യാപാരസ്ഥാപനങ്ങളിൽ മിന്നൽ പരിശോധന തുടങ്ങി. നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കും. ആരോഗ്യസ്ഥിരം സമിതിയിലെ അംഗങ്ങളുടെ നേതൃത്വത്തിലാവും പരിശോധനയെന്ന് അദ്ധ്യക്ഷ പ്രതിഭ അൻസാരി പറഞ്ഞു.
# മുന്നിട്ടിറങ്ങി ജില്ലാഭരണകൂടം
നിരോധനം കർശനമായി നടപ്പാക്കാനാണ് ജില്ലാ ഭരണനേതൃത്വത്തിന്റെ തീരുമാനം. വ്യാപാര കേന്ദ്രങ്ങളിലും ഷോപ്പിംഗ് മാളുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പരിശോധനകൾ ശക്തമാക്കും. പരിശോധനകൾക്ക് റവന്യൂ വകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും സഹകരണം ലഭ്യമാക്കും.
#പച്ച' തൊടും
പ്ലാസ്റ്റിക്കിന് ബദൽസംവിധാനം എന്ന നിലയിൽ ജില്ലയിലെ 262 കുടുംബശ്രീ യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കുന്ന 'പച്ച' എന്ന പേരിലുള്ള തുണിസഞ്ചികൾ വിപണിയിൽ എത്തിത്തുടങ്ങി. 2 മുതൽ 50 രൂപവരെയാണ് വില.