ആലുവ: ആലുവ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാഴ്ച്ച നീണ്ടുനിന്ന പുതുവത്സരാഘോഷം 'ആലുവ 2020'ന് വർണാഭമായ സമാപനം. പപ്പാഞ്ഞിയെ കത്തിച്ച് ആകാശത്ത് മഴവില്ലഴക് വിരിയിച്ചായിരുന്നു സമാപനം.
സംസ്‌കാരിക സമ്മേളനം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ, രാജു ഹോർമിസ് (ഫെഡറൽ ബാങ്ക്), എഫ്.ഐ.ടി ചെയർമാൻ ടി.കെ. മോഹനൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. അസോസിയേഷൻ പ്രസിഡന്റ് നസീർ ബാബു അദ്ധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഡോ. സി.എം. ഹൈദ്രാലി, ബാദുഷ ഇബ്രാഹിം, നീരജ് ബേബി ജോർജ്, സജി വാളാശേരി, പി. പൗലോസ് എന്നിവരെ ജി.സി.ഡി.എ ചെയർമാൻ വി.സലിമും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് മുതിർന്ന വ്യാപാരികളെയും ആദരിച്ചു. നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം സമ്മാനദാനം നിർവഹിച്ചു.
എം.ഒ. ജോൺ, എ.പി. ഉദയകുമാർ, എ. ഷംസുദ്ദീൻ, എം.കെ.എ. ലത്തീഫ് തുടങ്ങി രാഷ്ട്രീയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എ.ജെ. റിയാസ് പുതുവത്സര സന്ദേശം നൽകി. ജനറൽ കൺവീനർ ലത്തീഫ് പുഴിത്തറ സ്വാഗതവും സെക്രട്ടറി കെ.സി. ബാബു നന്ദിയും പറഞ്ഞു.
സിനിമാതാരം സമദിന്റെ നേതൃത്വത്തിൽ മെഗാഷോയും നടന്നു. തുടർന്ന് രാത്രി 12ന് ആകാശത്ത് വർണമഴ തെളിച്ച് പപ്പാഞ്ഞിയെ കത്തിച്ചതോടെ ആഘോഷങ്ങൾ സമാപിച്ചു.
ഫെഡറൽ ബാങ്കിന്റെത് സഹായമല്ല, കടമയാണെന്ന് രാജു ഹോർമിസ്
ആലുവയുടെ സ്വന്തം ബാങ്ക്
ആലുവ: ആലുവയുടെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലേക്ക് ഫെഡറൽ ബാങ്ക് നൽകുന്നത് സഹായമല്ലെന്നും കടമയാണെന്നും ഫെഡറൽ ബാങ്ക് സി.എസ്.ആർ വിഭാഗം തലവനും ബാങ്ക് സ്ഥാപകന്റെ മകനുമായ രാജു ഹോർമിസ് പറഞ്ഞു. പതിറ്റാണ്ടുകൾക്ക് മുമ്പ് ആലുവ അരുണ സ്‌ക്വയറിൽ ഓടിട്ട ചെറിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ഫെഡറൽ ബാങ്ക് ആലുവക്കാരുടെ സഹായത്തോടെയാണ് വളർന്നത്. ഇന്ന് ഇന്ത്യയിൽ തന്നെ ബാങ്കിംഗ് മേഖലയിൽ നാലാം സ്ഥാനത്താണ്. വളർച്ചക്ക് പിന്നിൽ ആലുവ നിവാസികളുടെ സഹായം വിസ്മരിക്കാനാകില്ല. അതിനാൽ ബാങ്ക് ആലുവക്കാർക്ക് തിരിച്ച് നൽകുന്നത് സഹായമല്ല, ഉത്തരവാദിത്വവും കടമയുമാണെന്നും അദ്ദേഹം പറഞ്ഞു.