food
സ്കൂളിൽ ഭക്ഷണം വിളമ്പിയപ്പോൾ

കോലഞ്ചേരി: തിരുവാണിയൂരിലെ അങ്കണവാടി മുതൽ പ്ളസ് ടു വരെ കുട്ടികൾക്ക് പ്രഭാത ഭക്ഷണം സുഭിക്ഷമാണ്. പ്രഭാത ഭക്ഷണമൊരുക്കി മാതൃകയാകുന്നത് തിരുവാണിയൂർ ഗ്രാമ പഞ്ചായത്താണ്. പഞ്ചായത്തിലെ നാല് സർക്കാർ സ്കൂളുകളിലും, നാല് എയ്ഡഡ് സ്കൂളുകളിലുമായി 2200 ലേറെ കുട്ടികൾക്കാണ് പ്രഭാത ഭക്ഷണം വെച്ചു വിളമ്പുന്നത്. ഭക്ഷണം തയ്യാറാക്കുന്ന ചിലവും പഞ്ചായത്ത് നല്കുന്നുണ്ട് . സർക്കാർ ഉച്ചഭക്ഷണം നല്കുന്നതിനു പുറമെയാണിത്.സ്കൂളിലെ ഉച്ച ഭക്ഷണം തയ്യാറാക്കുന്നവർ തന്നെയാണ് പ്രഭാത ഭക്ഷണവുമൊരുക്കുന്നത്.പി.ടി.എ അദ്ധ്യാപക സഹായവുമുണ്ട്.

പദ്ധതി നടപ്പിലാക്കുന്ന സ്കൂളുകൾ

വെണ്ണിക്കുളം ഹയർ സെക്കൻഡറി

സെന്റ് ജോൺസ് എച്ച്.എസ് കണ്ണ്യാട്ട് നിരപ്പ്

സെന്റ് ഫിലോമിനാസ് എച്ച്.എസ് തിരുവാണിയൂർ

എസ്.എൻ.എൽ.പി സ്കൂൾ മാമല

ഗവ.എൽ.പി സ്കൂൾ ആറ്റിനീക്കര

ഗവ.എൽ.പി സ്കൂൾ നീറാം മുഗൾ

ഗവ.എൽ.പി സ്കൂൾ വെണ്ണിക്കുളം

ഗവ.എൽ.പി സ്കൂൾ കണ്ണ്യാട്ടു നിരപ്പ്

പ്രഭാത ഭക്ഷണ വിതരണം രാവിലെ 8.45 മുതൽ 9.30 വരെ

പദ്ധതിയ്ക്കായി പ്രതി വർഷം 50 ലക്ഷം രൂപ

മൂന്നു വർഷമായി പ്രഭാത ഭക്ഷണം നൽകി വരുന്നു

പോഷകസമൃദ്ധമായ ഭക്ഷണം

പോഷകമൂല്യമുള്ള ആവിയിൽ പുഴുങ്ങിയ ഭക്ഷണ പദാർഥങ്ങളാണ് തയാറാക്കുന്നത്. ഇഡലി, ദോശ, കൊഴുക്കട്ട, ഇടിയപ്പം, ഉപ്പുമാവ്,പഴം പുഴുങ്ങിയത് എന്നിവയും സാമ്പാർ, ചട്‌നി ഉൾപ്പെടെയുള്ള കറികളും ഓരോ ദിവസവും ഊഴമനുസരിച്ച് കുട്ടികൾക്ക് വിതരണം നടത്തുന്നു.

സൗജന്യമായി പ്രഭാത ഭക്ഷണം

പല കുട്ടികളും യഥാസമയം പ്രഭാതഭക്ഷണം കഴിക്കാതെയാണ് സ്‌കൂളിലെത്തുന്നത് എന്നകാര്യം ശ്രദ്ധയിൽപെട്ടതാണ് പദ്ധതി നടപ്പാക്കാൻ പഞ്ചായത്തിനെ പ്രേരിപ്പിച്ചത്. പങ്കെടുത്ത പല ചടങ്ങുകളിലും കുട്ടികളോട് പ്രഭാത ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിച്ചപ്പോൾ പല കാരണങ്ങൾ കൊണ്ടും രാവിലെ യഥാസമയം ഭക്ഷണം കഴിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ബോധ്യപ്പെട്ടു. ഇതേ തുടർന്നാണ് കുട്ടികൾക്ക് സൗജന്യമായി പ്രഭാത ഭക്ഷണ വിതരണം ചെയ്യാൻ മുന്നിട്ടിറങ്ങിയത്. ആഴ്ചയിലൊരിക്കൽ ഓരോ സ്കൂളിലും നേരിട്ടെത്തി ഭക്ഷണത്തിന്റെ ഗുണ നിലവാരം പരിശോധിക്കാറുണ്ട്.

  അഡ്വ.കെ.സി പൗലോസ്,​ തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ്

ഗുണ നിലവാര പരിശോധന നടത്തുന്നുണ്ട്

ബി.പി.സി.എൽ കൊച്ചിൻ റിഫൈനറിയുടെ സി.എസ്.ആർ ഫണ്ടാണ് പദ്ധതിയ്ക്ക് വിനിയോഗിക്കുന്നത്. സ്കൂളിലെ പി.ടി.എ, എം.പി.ടി.എ യ്ക്കാണ് നടത്തിപ്പ് ചുമതല. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ നിന്നും നേരിട്ടുള്ള നിയന്ത്രണവുമുണ്ട്. അംഗങ്ങൾ വിവിധ സ്കൂളുകളിൽ കുട്ടികളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ച് ഗുണ നിലവാര പരിശോധനയും നടത്തും

റെജി ഇല്ലിക്കപ്പറമ്പിൽ , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ