ആലുവ:കെ.എസ്.എഫ്.ഇ ഏജന്റുമായി ചേർന്ന് 5.36 കോടി രൂപയുടെ ചിട്ടിത്തട്ടിപ്പ് നടത്തിയ കേസിൽ കൂടുതൽ പേർ കുടുങ്ങുമെന്ന് സൂചന. കെ.എസ്.എഫ്.ഇ എം.ഡിയുടെ പരാതിയിൽ ആലുവ പൊലീസാണ് അന്വേഷക്കുന്നത്.

ചെറായി ബ്രാഞ്ചിൽ കാഷ്യറായിരുന്ന കീഴ്മാട് സ്വദേശിനി ആമിന മീതിൻകുഞ്ഞിനെ (58) കേസിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിരമിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പാണ് ആമിനയെ സസ്‌പെന്റ് ചെയ്തത്.

തട്ടിപ്പ് നടന്ന ആലുവ ബ്രാഞ്ചിൽ ജോലി ചെയ്യുന്ന മറ്റൊരാളുടെ പേരും പരാതിയിലുണ്ടെന്നാണ് വിവരം. ഒന്നിലേറെ ഏജന്റുമാരും ചിറ്റാളന്മാരും തട്ടിപ്പിന്റെ ഭാഗമാണ്.

മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന കൊടകര സ്വദേശി മുരളി (56) ഒളിവിലാണ്.

ആലുവ ബ്രാഞ്ചിൽ നിന്നും വിരമിച്ച ആലുവ സ്വദേശിനിയായ മറ്റൊരു ജീവനക്കാരിയും നിരീക്ഷണത്തിലാണ്.

ചിറ്റാളന്മാരുമായി ചേർന്നാണ് ഒത്തുകളി.

ആലുവ സീനത്ത് കവല സ്വദേശി, എടയപ്പുറം, ആലങ്ങാട് സ്വദേശികൾ നൽകിയ പരാതിയിലാണ് ക്രമക്കേടുകൾ പുറത്തായത്. ആലുവ സി.ഐ വി.എസ്. നവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

• നാല് വർഷം കൊണ്ട് അഞ്ചരക്കോടി

ആലുവ സെക്കന്റ് ബ്രാഞ്ചിലാണ് (ഗവ. ആശുപത്രി കവല ബ്രാഞ്ച്) നാല് വർഷത്തിലേറെ നീണ്ട തട്ടിപ്പ്. വായ്പ ശരിയാക്കി നൽകുന്ന സ്ഥാപനത്തിന്റെ മറവിൽ മുരളി ഇരകളെ ആകർഷിച്ചു. ഇവർ കെ.എസ്.എഫ്.ഇ ചിട്ടി ഏജൻസിയും നടത്തുന്നുണ്ട്.

ചെറിയ വായ്പക്കായി സമീപിക്കുന്നയാളുടെ ആധാരം വാങ്ങിയ ശേഷം ഉടമയറിയാതെ വലിയ തുകയുടെ ചിട്ടിയിൽ ചേർന്നവർക്ക് ഈടായി കെ.എസ്.എഫ്.ഇയിൽ നൽകുകയായിരുന്നു. കെ.എസ്.എഫ്. ഇ ഓഫീസിൽ കൊണ്ടുപോയി ഇവരെക്കൊണ്ട് ഒപ്പീടിക്കുന്നതൊക്കെ ഈടിന്റെ രേഖകളിലാണ്. തങ്ങൾ ചോദിച്ച ചെറിയ തുക കിട്ടിയത് കൊണ്ട് ഇവർ തൃപ്തിപ്പെടുകയും ചെയ്യും. കെ.എസ്.എഫ്.ഇയിൽ നിന്നും ജപ്തി നോട്ടീസ് ലഭിക്കുമ്പോഴാണ് ആധാരത്തിന്റെ ഉടമ തട്ടിപ്പ് അറിയുക.