മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ ക്ലബുകളുടെയും മാറാടി ഗ്രാമപഞ്ചായത്ത് നാലാം വാർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ "അമ്മച്ചിക്കൊരു പച്ചക്കറിതോട്ടം" പദ്ധതിക്ക് തുടക്കമായി. ജൈവ പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുവാനും നമുക്കാവശ്യമായ പച്ചക്കറികൾ നമ്മുടെ വീട്ടുമുറ്റത്ത് ഉത്പാദിപ്പിക്കുവാൻ വേണ്ട സഹായവും ബോധവത്കരണവും വീട്ടമ്മമാർക്ക് നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു വീട്ടിലേയ്ക്ക് ആവശ്യമായ പച്ചക്കറികൾ നമ്മുടെ വീട്ടുമുറ്റത്ത് ഉത്പാദിപ്പിക്കാം ഒപ്പം കാൻസർ പോലുള്ള മാരക രോഗങ്ങളെ നമ്മുടെ നാട്ടിൽ നിന്നും തുടച്ചു നീക്കാൻ ഇതു വഴി ഒരു പരിധി വരെ കഴിയും . പ്ലാസ്റ്റിക് കവറുകളും, ഗ്രോബാഗുകളും ഒഴിവാക്കി ചിരട്ടയിൽ വിത്ത് മുളപ്പിച്ച് എടുത്ത പച്ചക്കറി തൈകൾ ഉപയോഗശൂന്യമായ നാലു മേച്ചിൽ ഓടുകൾ ഒരുപ്പിച്ച് ഒരു ചെടി ചട്ടിയുടെ രൂപത്തിലാക്കി കമ്പി കൊണ്ട് കെട്ടി അതിൽ മണ്ണും ചകിരിച്ചോറും ജൈവ വളവും നിറച്ച് പച്ചക്കറി തൈകൾ വീടുകളിൽ നട്ടു കൊടുത്തു. ഓരോ വീട്ടിലും അഞ്ചു മുതൽ പത്ത് വരെ തൈകൾ സൗജന്യമായി നൽകി. വിഷക്കറികൾ അവർ തന്നെ കഴിക്കട്ടെ നമ്മുടെ ഭക്ഷണം നാം വിളയിച്ച ജൈവ പച്ചക്കറികളിൽ കൂടിയാകട്ടെ എന്ന പ്രതിഞ്ജയും എടുത്തു. മാറാടി കൃഷി ഓഫീസർ എൽദോസ് എബ്രഹാം പദ്ധതി ഉദ്ഘാടനം ചെയ്തു. മാറാടി നാലാം വാർഡ് മെമ്പർ ബാബു തട്ടാർക്കുന്നേൽ , പ്രിൻസിപ്പൽ റോണി മാത്യു, കുരുക്കുന്നപുരം എൽ .പി സ്കൂൾ ഹെഡ്മിസ്ട്രസ് എൻ.യു ഏലിയാമ്മ, ഡോ.അബിത രാമചന്ദ്രൻ, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി, പൗലോസ് ടി വിനോദ് ഇ.ആർ, രതീഷ് വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.