ആലുവ: കീഴ്മാട് മുതിരക്കാടിന് സമീപം വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മൂന്നംഗ സംഘം അഗ്നിക്കിരയാക്കി. ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. രണ്ട് പേർ ഓടിരക്ഷപ്പെട്ടു.
കീഴ്മാട് മുതിരക്കാട് ആലുങ്കൽ നിഷാദിന്റെ വീട്ടുമുറ്റത്ത് കിടന്ന ഓട്ടോറിക്ഷയാണ് കത്തിച്ചത്. ഇന്നലെ പുലർച്ചെ 2.45നാണ് സംഭവം. ഓട്ടോറിക്ഷ കത്തിയതിനെ തുടർന്ന് ശ്വാസം മുട്ടും ചൂടും അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ഉറക്കമുണർന്നപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു. പിന്നീട് നടത്തിയ തിരച്ചിലിൽ കീഴ്മാട് സൊസൈറ്റിപ്പടി മഠത്തിലകം സൻജിത്തിനെ മാടപ്പിള്ളിത്താഴത്ത് പുതുവത്സരാഘോഷം നടക്കുന്ന സ്ഥലത്ത് നിന്നും നാട്ടുകാർ പിടികൂടി എടത്തല പൊലീസിന് കൈമാറുകയായിരുന്നു. കൂടെയുണ്ടായിരുന്നവരിൽ ഒരാൾ അരുൺആണെന്ന് സൻജിത്ത് വെളിപ്പെടുത്തി. മൂന്നാമന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. നിഷാദിനോടുള്ള മുൻവൈരാഗ്യമാണ് ഓട്ടോറിക്ഷ അഗ്‌നിക്കിരയാക്കാൻ കാരണമെന്ന് പറയുന്നു. ഒന്നര വർഷം മുമ്പ് നിഷാദിന്റെ വീടിന് മുമ്പിലൂടെയുള്ള ചെറിയ റോഡിൽ സൻജിത്തും സംഘവും അമിത വേഗതയിൽ വാഹനം ഓടിക്കുന്നത് നിഷാദ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വർഷത്തെ പുതുവത്സരാഘോഷ ദിവസം സൻജിത്തും മറ്റൊരു സംഘവും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. നിഷാദിന്റെ വീട്ടുമുറ്റത്തേക്ക് സംഘർഷം നീണ്ടപ്പോൾ പുറത്തേക്ക് ഇറങ്ങാൻ ആവശ്യപ്പെട്ട നിഷാദിന്റെ മാതാവിനെയും സൻജിത്ത് മർദ്ദിച്ചിരുന്നു. ഇത് സംബന്ധിച്ച് പൊലീസിന് നൽകിയ പരാതി പിൻവലിക്കണമെന്ന ആവശ്യം നിരാകരിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് കരുതുന്നു.
ചാക്കിൽ പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം ഓട്ടോറിക്ഷയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് സൻജിത്ത് പൊലീസിനോട് പറഞ്ഞു. ഓട്ടോറിക്ഷയിൽ നിന്നും പെട്രോൾ മണക്കുന്ന ചാക്കിന്റെ കഷണം കണ്ടെടുത്തു.
ഒരു വർഷം മുമ്പ് വാങ്ങിയ സി.എൻ.ജി ഉപയോഗിക്കുന്ന ഓട്ടോറിക്ഷയാണ് കത്തിച്ചത്. നിമിഷങ്ങൾ കൂടി തീ കത്തിയിരുന്നെങ്കിൽ സി.എൻ.ജി ടാങ്ക് പൊട്ടിത്തെറിച്ച് ദുരന്തത്തിന് വഴിവെയ്ക്കുമായിരുന്നു.