കൊച്ചി: കേരളം ഉറ്റുനോക്കുന്ന മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാൻ ഇനി വെറും പത്തുനാൾ മാത്രം.
സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് പൊളിച്ചുമാറ്റുന്ന ഫ്ലാറ്റുകൾക്ക് സമീപമുള്ള നാട്ടുകാർ പുതുവർഷത്തെ എതിരേറ്റത് അനിശ്ചിതകാല നിരാഹാര സമരത്തിലൂടെ. വീടുകളുടെ സുരക്ഷയിൽ വ്യക്തത ആവശ്യപ്പെട്ടാണ് സമരം. സബ്‌ജഡ്ജി എം.ആർ ശശി സമരം ഉദ്ഘാടനം ചെയ്തു. നെട്ടൂർ പാലത്തിൽ നിന്ന് വിളംബര ജാഥയായെത്തിയാണ് സമരം ആരംഭിച്ചത്. കുട്ടികളക്കമുള്ളവർ ജാഥയിൽ പങ്കെടുത്തു. ജനുവരി 11,12 തീയതികളിൽ നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിച്ചുമാറ്റുന്നതിന് മുന്നോടിയായി ഫ്ലാറ്റുകളുടെ ചുവരുകളും മറ്റും ഇടിച്ചു പൊളിച്ചപ്പോൾ തന്നെ സമീപത്തെ വീടുകൾക്ക് വിള്ളലുണ്ടായി. സ്ഫോടനത്തിനിടെ കൂടുതൽ നാശം സംഭവിക്കുമോ എന്ന പരിസരവാസികളുടെ ആശങ്ക ഇല്ലാതാക്കാൻ ഇതുവരെ അധികൃതർക്കായിട്ടില്ല. വീടുകളുടെ പഴക്കം കണക്കാക്കി ഇൻഷ്വറൻസ് തുക നൽകാനാണ് ഇപ്പോഴത്തെ തീരുമാനം. അത് അപര്യാപ്തമാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. നഷ്ടം നികത്താമെന്നതിന് ജില്ലാ ഭരണകൂടത്തിന്റെ രേഖാമൂലമുള്ള ഉറപ്പാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ജനത്തിന്റെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ നാഷണൽ ഹൈവേ തടയുന്നത് അടക്കമുള്ള കടുത്ത സമരമാർഗത്തിലേക്ക് പോകാനാണ് സമരസമിതിയുടെ തീരുമാനം. നിയമപരമായി നീങ്ങാനും ആലോചനയുണ്ട്.
ഫ്ലാറ്റുകൾക്ക് സമീപം സുരക്ഷാമുൻകരുതലുകൾ എടുക്കേണ്ട നടപടികൾ പുരോഗമിക്കുകയാണ്. എച്ച്.ടു.ഒ ഹോളിഫെയ്ത്ത് ഫ്ലാറ്റിന് സമീപമുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഭൂഗർഭ ലൈനിൽ മണൽ ചാക്കുകൾ വിരിക്കുന്ന ജോലികൾ നടന്നു വരികയാണ്. അരമീറ്റർ കനത്തിൽ നാല് മീറ്റർ വീതിയിൽ 100 മീറ്റർ നീളത്തിലുമാണ് മണൽ വിരിക്കുന്നത്. നിലവിൽ 25 മീറ്റർ നീളത്തിലേ മണൽ കുഷ്യൻ വിരിച്ചിട്ടുള്ളൂ. എച്ച്.ടു.ഒ ഹോളിഫെയ്ത്തിന്റെ ചുറ്റുമതിലിനോട് ചേർന്നാണ് 75 മീറ്റർ. ഇവിടെ മണൽ നിറയ്ക്കാൻ പൊളിക്കാൻ കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനിയുടെ അനുമതി ആവശ്യമുണ്ടെന്ന് സൈറ്റ് എൻജിനീയർ ബിനേഷ് കേരളകൗമുദിയോട് പറഞ്ഞു. ജനുവരി 8ന് മുമ്പ് ഇപ്പോൾ തുറമുഖത്തുള്ള കപ്പലിൽ നിന്നുള്ള ഇന്ധനം പൈപ്പ് വഴി ഇരുമ്പനം ടെർമിനലിലേക്ക് എത്തിക്കും. ശേഷം ആ പൈപ്പുകളിൽ വെള്ളം നിറയ്ക്കും.
വിജയ് സ്റ്റീൽസിന്
സമ്മതപത്രം കിട്ടിയില്ല
നിയന്ത്രിത സ്‌ഫോടനം നടത്തുന്നതിന്റെ ഭാഗമായി ഫ്ലാറ്റുകളിൽ സ്ഫോടക വസ്തു നിറയ്ക്കാനുള്ള പെട്രോളിയം ആൻഡ് എക്സ്പ്ളോസീവ്സ് സേഫ്ടി ഓർഗനൈസർ (പെസൊയുടെ) അനുമതി പൊളിക്കാൻ കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനികൾക്ക് ലഭിക്കേണ്ടതുണ്ട്. ഇതിൽ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ജയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവ പൊളിക്കാൻ കരാറെടുത്ത എഡിഫസ് കമ്പനിക്ക് സമ്മതപത്രം പെസൊ ബുധനാഴ്ച കൈമാറി.
ആൽഫാ സെറീനിലെ ഇരട്ട ടവറുകൾ പൊളിക്കുന്ന വിജയ് സ്റ്റീൽസിനുള്ള സമ്മതപത്രം കൈമാറിയിട്ടില്ല. സമർപ്പിച്ച രേഖകളിൽ ചില ഭേദഗതികൾ നിർദ്ദേശിച്ചിട്ടുണ്ട്. വിജയ് സ്റ്റീൽസിന് വ്യാഴാഴ്ച അനുമതി ലഭിച്ചേക്കും
സ്ഫോടക വസ്തു നാഗ്പൂരിൽ നിന്ന്
ഫ്ലാറ്റുകൾ തവിടുപൊടിയാക്കാനുള്ള സ്ഫോടകവസ്തുക്കൾ എത്തിച്ചത് നാഗ്പൂരിൽ നിന്നാണ്. ഇവ അങ്കമാലി മഞ്ഞപ്രയിലെ സംഭരണ കേന്ദ്രത്തിലുണ്ട്. വെള്ളിയാഴ്ച തൂണുകളിൽ നിറച്ചുതുടങ്ങും. ഭിത്തിയിൽ 32 മില്ലി മീറ്റർ വ്യാസവും 850, 900 മില്ലി മീറ്റർ ആഴവുമുള്ള ദ്വാരങ്ങൾ ഇട്ടു. ലിക്വിഡ് അമോണിയം ജെല്ലുകൾ തൂണുകളിൽ നിറച്ച് ഇവയിലൂടെ വൈദ്യുതി കടത്തിവിട്ടാണ് സ്‌ഫോടനം നടത്തുന്നത്.
ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ചുമതലക്കാരനായ ഫോർട്ടുകൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗും ഉദ്യോഗസ്ഥരു പങ്കെടുക്കുന്ന യോഗം ചേരുന്നുണ്ട്.