കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് കെ.വി ജേക്കബ് സ്ഥാനം രാജി വെച്ചു. ഇന്നലെ വൈകിട്ട് 4 ന് പഞ്ചായത്ത് സെക്രട്ടറി കെ.സി ജയൻ മുമ്പാകെ രാജിക്കത്ത് നല്കി. ചുമതല വൈസ് പ്രസിഡന്റ് ജിൻസി അജിയ്ക്ക് കൈമാറി.
സാംസ്കാരിക സംഘടനയായ കിഴക്കമ്പലം ട്വന്റി 20 ഭരണത്തിലുള്ള പഞ്ചായത്തിൽ പ്രസിഡന്റ് കെ.വി ജേക്കബിനെതിരെയുള്ള അവിശ്വാസ പ്രമേയം നാളെ ചർച്ചയ്ക്ക് എടുക്കാനിരിക്കെയാണ് രാജി. അവിശ്വാസത്തിനു മുമ്പേ ജേക്കബ് രാജി വച്ചേക്കുമെന്ന് 'കേരള കൗമുദി' നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 17 അംഗ പഞ്ചായത്തിലെ 14 പേർ ഒപ്പിട്ടാണ് അവിശ്വാസ നോട്ടീസ് നല്കിയത്.
പ്രസിഡന്റ് സംഘടനക്കെതിരായി എടുത്ത തീരുമാനങ്ങളാണ് അവിശ്വാസത്തിൽ കലാശിച്ചത്. കിഴക്കമ്പലം പഞ്ചായത്തിലെ 19 വാർഡുകളിൽ 17 ലും ട്വന്റി - 20 എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ പിന്തുണയോടെ മത്സരിച്ചവരാണ് ജയിച്ചത്. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാത്ത സമിതി ഭരിക്കുന്ന കേരളത്തിലെ ഏക പഞ്ചായത്താണിത്.
പിന്നീട് ഒരു മെമ്പർമാർ കൂറു മാറി. ഒരാൾ സ്വതന്ത്രനാണ്. ഇപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജേക്കബും മറുപക്ഷത്തോട് അടുത്തു.
എന്തു വില നൽകിയും അവിശ്വാസ പ്രമേയം അനുവദിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പരസ്യമായി പ്രഖ്യാപിച്ചെന്നും അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കാനും ചർച്ച ചെയ്യാനും മതിയായ പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അംഗങ്ങൾ നല്കിയ ഹർജി ഹൈക്കോടതി അനുവദിച്ചിരുന്നു. നേരത്തെ സി.പി.എമ്മിലും പിന്നീട് സി.പി.ഐ യിലും സജീവ പ്രവർത്തകനായിരുന്ന ജേക്കബ് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് ട്വന്റി 20 യിലെത്തിയത്.