പിറവം: വർഷത്തിൽ 18 ദിവസം മാത്രം വിശ്വരൂപത്തിലും ബാക്കി സമയങ്ങളിൽ ശ്രീപുരുഷനായും ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന പിറവം കക്കാട് ശ്രീപുരുഷമംഗലം ക്ഷേത്രത്തിൽ വിശ്വരൂപദർശനം തൊഴൽ നാളെ സമാപിക്കും. വിശ്വരൂപം പ്രതിഷ്‌ഠയായുള്ള അപൂർവം വൈഷ്‌ണവ ക്ഷേത്രങ്ങളിൽ ഒന്നാണ് കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണക്ഷേത്രം .ഡിസംബർ 17നാണ് ഈ വർഷത്തെ വിശ്വരൂപ ദർശന മഹോത്സവം ആരംഭിച്ചത്. ഇവിടത്തെ തിരുനടയിലെത്താനും വിശ്വരൂപദർശന സൗഭാഗ്യം നുകരാനും ഭക്തിയുടെ പരകോടയിലലിയാനും ആയിരക്കണക്കിന് ഭക്തരാണ് ഒഴുകിയെത്തുന്നത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാവനാട് പരമേശ്വരൻ നമ്പൂതിരിയുടെയും മേൽ ശാന്തി ബ്രഹ്മശ്രീ കണ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് വിശേഷാൽ പൂജകൾ നടക്കുന്നത്.
വിശ്വരൂപ ദർശന മഹോത്സവത്തിന്റെ സമാപന ദിവസമായ നാളെ ഉച്ചയ്ക്ക് 2 ന് പിറവം പിഷാരുകോവിൽ ദേവീക്ഷേത്രത്തിൽ നിന്നും ശ്രീപുരുഷമംഗലത്തേക്ക് ഘോഷയാത്ര നടക്കും. 2.30 ന് നടക്കുന്ന ആദ്ധ്യാത്മിക സദസ് ഹിന്ദു ഐക്യ വേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.