ആലുവ: അശാസ്ത്രീയമായി ഭൂഗർഭ വൈദ്യുതി ലൈൻ വലിക്കുന്നതുമായി ബന്ധപ്പെട്ട നഗരത്തിലെ കുടിവെള്ള പ്രശ്നം തുടരുന്നു. കഴിഞ്ഞ ദിവസം പങ്കജം കവലയിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് കുന്നുംപുറം മേഖലയിൽ മൂന്ന് ദിവസമായി കുടിവെള്ളമെത്തിയില്ല. നഗരസഭയിലെ 23, 10, എട്ട് വാർഡുകളിലാണ് കുടിവെള്ളം മുടങ്ങിയത്. കെ.എസ്.ഇ.ബി, ജല അതോറിറ്റി വകുപ്പുകളെ സമീപിക്കുമ്പോൾ പരസ്പരം പഴി ചാരുകയാണെന്നും പ്രശ്‌നത്തിന് പരിഹാരം കാണുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
പൈപ്പ് ലൈനുകൾ പൊട്ടുമ്പോൾ പകരം ടാങ്കർ ലോറിയിൽ സംവിധാനം നേരത്തെ നടപ്പിലാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടിയിട്ടും കുടിവെള്ളമെത്തിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. മൂന്നാഴ്ച കൊണ്ട് പൂർത്തിയാക്കുമെന്നറിയിച്ച് നവംബറിൽ തുടങ്ങിയ കെ.എസ്.ഇ.ബി.യുടെ ഭൂഗർഭ വൈദ്യുതി ലൈൻ വലിക്കുന്ന പദ്ധതി ഇതുവരേയും പൂർത്തിയാക്കിയിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ടാസ് റോഡ് അനുമതിയില്ലാതെ കെ.എസ്.ഇ.ബി. അധികൃതർ പൊളിച്ചതിനെ തുടർന്നുള്ള തർക്കവുമുണ്ട്.
ഈ വിഷയത്തിൽ കെ.എസ്.ഇ.ബി പൊതുമരാമത്ത് വകുപ്പുകൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ് പൊതുജനം.
പൊതുമരാമത്ത് വകുപ്പ് കെ.എസ്.ഇ.ബി.യ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
വറോഡിന്റെ പുനർനിർമ്മാണത്തിനുള്ള തുക കെ.എസ്.ഇ.ബി. നൽകിയത് നഗരസഭയ്ക്ക്.