കൊച്ചി : നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജിയിൽ ഇന്നലെ വാദം പൂർത്തിയായതിനെത്തുടർന്ന് കോടതി ജനുവരി നാലിന് വിധി പറയാൻ മാറ്റി.
ഇന്നലെയും അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. സുപ്രീം കോടതി അനുമതി നൽകിയതിനെത്തുടർന്ന് നേരത്തെ ദിലീപ് സാങ്കേതിക വിദഗ്ദ്ധന്റെ സഹായത്തോടെ കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഇതിനെത്തുടർന്നുള്ള നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് ദിലീപ് വിടുതൽ ഹർജി നൽകിയത്.
ഹർജിയിലെ ചില പരാമർശങ്ങൾ ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതാണെന്ന വിലയിരുത്തലിൽ മാദ്ധ്യമങ്ങൾ ഇതു റിപ്പോർട്ട് ചെയ്യുന്നത് കോടതി വിലക്കിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതിന്റെ ഭാഗമായുള്ള പ്രാഥമിക വാദമാണ് നടക്കുന്നത്. ഹർജി തള്ളിയാൽ ദിലീപിന് മേൽകോടതികളെ സമീപിക്കാനാവും.
പ്രതി വിഷ്ണുവും വിടുതൽ ഹർജി നൽകി
കേസിലെ പത്താം പ്രതി ഇടപ്പള്ളി സ്വദേശി വിഷ്‌ണു കേസിൽ നിന്ന് ഒഴിവാക്കാൻ ഹർജി നൽകി. മുഖ്യപ്രതി പൾസർ സുനി തടവിൽ കഴിയുമ്പോൾ ഇയാൾക്ക് വിളിക്കാനായി മൊബൈൽ ഫോൺ ജയിലിലെത്തിച്ചത് വിഷ്ണുവാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. അതേസമയം പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതിനു മുന്നോടിയായുള്ള പ്രാഥമിക വാദം ഇന്നലെ പൂർത്തിയായി. തുടർ നടപടികൾ ജനുവരി നാലിന് കോടതി തീരുമാനിച്ചേക്കും.