# ഒരു ലക്ഷത്തിലേറെ യാത്രക്കാർ

കൊച്ചി: കൊച്ചി മെട്രോയ്ക്ക് പുതുവത്സരത്തിൽ കൊയ്‌ത്ത്. ഒരു ലക്ഷത്തിലേറെപ്പേരാണ് ഇന്നലെ മെട്രോയിൽ യാത്ര ചെയ്തത്. പുതുവത്സരം ആഘോഷിക്കാനെത്തിയവരും പൗരത്വനിയമ ഭേദഗതിക്കെതിരെ റാലിക്കെത്തിയവരും കയറിയതോടെ യാത്രക്കാരുടെ എണ്ണം കുതിച്ചത്.

ഇന്നലെ രാവിലെ മുതൽ പതിവിലേറെ യാത്രക്കാരെ ലഭിച്ചിരുന്നു. റാലി ആരംഭിച്ചതോടെ നഗരത്തിലെ ബസോട്ടം ഉൾപ്പെടെ നിലച്ചു.

ഇടപ്പള്ളി, ജവഹർലാൽ നെഹ്റു സ്റ്റേഡിയം, എം.ജി. റോഡ്, മഹാരാജാസ്, വൈറ്റില, കടവന്ത്ര സ്റ്റേഡിയം സ്റ്റേഷനുകളിൽ നിന്നാണ് ഏറ്റവുമധികം പേർ മെട്രോയിൽ കയറിയത്. എം.ജി. റോഡിലിറങ്ങി മറൈൻഡ്രൈവിലേയ്ക്ക് പോകുന്നവരായിരുന്നു കൂടുതൽ.

വൈകിട്ട് നാലോടെ സ്റ്റേഷനുകൾ നിറഞ്ഞു. ടിക്കറ്റെടുക്കാൻ സ്റ്റേഷന് പുറത്തു വരെ വരി നീണ്ടു. ടിക്കറ്റ് കൗണ്ടറുകൾ പരമാവധി തുറന്നിട്ടും ഒരു മണിക്കൂർ വരെ വരി നിന്നാണ് പലർക്കും ടിക്കറ്റ് ലഭിച്ചത്. ട്രെയിനിൽ കയറാനും ഇറങ്ങാനും വളരെ സമയം വേണ്ടിവന്നു.

ഡിസംബർ 31 നും വൻതിരക്കായിരുന്നു. രാത്രി ഒന്നര വരെയാണ് സർവീസ് നടത്തിയത്. 86,000 ത്തിലേറെപ്പേരാണ് മെട്രോയിൽ സഞ്ചരിച്ചത്.

# നഗരം സ്തംഭിച്ചു : താങ്ങായത് മെട്രോ

പൗരത്വ നിയമഭേദഗതിക്കെതിരെ ലക്ഷങ്ങൾ അണിനിരന്ന റാലി എറണാകുളം നഗരത്തിലെ ഗതാഗതം സ്തംഭിപ്പിച്ചപ്പോൾ ജനങ്ങൾക്ക് ആശയ്രമായത് മെട്രോ റെയിൽ. ഉച്ചയ്ക്ക് മൂന്നോടെ ഗതാഗതം താറുമാറായി​. മെട്രോ ട്രെയിനുകൾ യാത്രക്കാരെക്കൊണ്ട് തിങ്ങി നിറഞ്ഞുകവിഞ്ഞു. വാതിലുകൾ അടയ്ക്കാൻ പോലും കഴിയാത്ത വിധത്തിലായിരുന്നു വൈകിട്ടത്തെ തിരക്ക്. മെട്രോ അധികൃതരും പൊലീസും സുരക്ഷാവിഭാഗവും കഠിനമായി പരിശ്രമിച്ചാണ് തിരക്ക് നിയന്ത്രിച്ചത്.

യാത്രക്കാർ

വൈകിട്ട് ഏഴ് : 86,866

രാത്രി 8.30 : ഒരു ലക്ഷം

രാത്രി 9 : 1,00,241

ഒരു വശത്തേയ്ക്ക് ടിക്കറ്റെടുത്തവർ: 73,994

രണ്ടു വശത്തേയ്ക്കും ടിക്കറ്റെടുത്തവർ: 5824