കൊച്ചി: പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്റ്റർ എന്നിവ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധ മഹല്ലുകളും പ്രദേശങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന പ്രതിഷേധ സമരങ്ങൾ ഇനി മുതൽ ഭരണഘടന സംരക്ഷണ സമിതിക്ക് കീഴിൽ നടത്താൻ കൊച്ചിയിൽ ചേർന്ന കേരളത്തിലെ മുസ്ളീം സംഘടനകളുടെ കോ - ഓർഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചതായി സംസ്ഥാന ജനറൽ കൺവീനർ കെ.പി.എ മജീദ് അറിയിച്ചു.
സംസ്ഥാനത്ത് എൻ.ആർ.സിയും എൻ.പി.ആറും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചെങ്കിലും വിവിധ സ്ഥലങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യാവലികൾ എത്തിയത് ആശയകുഴപ്പം സൃഷ്ടിച്ചതായി യോഗം വിലയിരുത്തി. വിഷയത്തിൽ വ്യക്തത തേടി മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയും നേരിൽ കാണാൻ പ്രത്യേക സംഘത്തെ യോഗം ചുമതലപ്പെടുത്തി.
കൊച്ചിയിൽ നടന്ന സമരപ്രഖ്യാപന കൺവെൻഷനിൽ മുസ്ളിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, പി.വി അബ്ദുൽ വഹാബ് എം.പി, എ.എം ആരിഫ് എം.പി, എം.എൽ.എമാരായ ടി.എ.അഹമ്മദ്കബീർ, അൻവർ സാദത്ത്, ടി.ജെ.വിനോദ് ,പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ബഷീറലി തങ്ങൾ, വിവിധ സംഘടനാ നേതാക്കളായ ടി.പി.അബ്ദുള്ളക്കോയ മദനി, എം.ഐ.അബ്ദുൾ അസീസ്, ഡോ. ബഹാവുദ്ദീൻ കൂരിയാട്, ഡോ. ഫസൽ ഗഫൂർ, ഹമീദ് വാണിയമ്പലം, പ്രൊഫ. എം.കെ സാനു, തുടങ്ങിയവർ സംബന്ധിച്ചു.