മട്ടാഞ്ചേരി: നാടകത്തെ നെഞ്ചോട് ചേർത്തുവച്ചായിരുന്നു ജീവാമോഹന്റെ ജീവിതയാത്ര... സർക്കാർജോലി കിട്ടിയിട്ടും ആ പിടി വിട്ടില്ല. സ്കൂളിലേ തുടങ്ങിയതാണ് അഭിനയപ്രേമം. പിന്നീട് ' ജീവാ ആർട്ട്‌സ് ' എന്ന സംഘം രൂപീകരിച്ച് നാടകങ്ങൾ അവതരിപ്പിച്ചു. ജീവാ ആർട്ട്സിന് തിരശീല വീണപ്പോഴും ആ പേര് മോഹനന്റെ ഭാഗമായി. വീടിനും വേറെ പേരു നോക്കയില്ല.
നാടകവും ആരോഗ്യവകുപ്പിലെ ജോലിയുംചേർത്ത് വച്ചൊരു പാച്ചിലായിരുന്നു മൂന്നരപതിറ്റാണ്ട് കാലം. പകൽജോലിയും രാത്രി നാടകവും. ഏതാനും വർഷം മുമ്പ് അരങ്ങിൽ വച്ച് സംഭാഷണം മറന്നുപോയ സംഭവത്തോടെയാണ് അഭിനയത്തിന് ഫുൾസ്റ്റോപ്പിട്ടത്. തിരിഞ്ഞുനോക്കുമ്പോൾ സംതൃപ്തിയേയുള്ളെന്ന് മോഹനൻ പറഞ്ഞു.
മറക്കാനാവാത്ത കഥാപാത്രങ്ങൾ
കൊച്ചിയിലെ സുനിതാ തീയറ്റേഴ്സിന്റെ ' കാലൊച്ചകൾ ' കളിലൂടെയാണ് ജീവാമോഹനൻ പ്രൊഫഷണൽ നാടകരംഗത്തെത്തുന്നത്. വൈക്കം ചന്ദ്രശേഖരൻ നായരുടെ നാടകം. സൂര്യസോമ, വൈക്കം മാളവിക, ചേർത്തല തപസ്യ, തൃപ്പൂണിത്തുറ കലാശാല, എറണാകുളം ദൃശ്യകലാഞ്ജലി, ചേർത്തല സാഗരിക തുടങ്ങി നിരവധി നാടക ട്രൂപ്പുകളുടെ ഭാഗമായി.
' സ്വരസ്ഥാന'ത്തിലെ ' ചെണ്ടക്കാരൻ പപ്പുക്കുട്ടി ആശാൻ ' , ' സന്ദേശ'ത്തിലെ ജസ്റ്റിസ് ചന്ദ്രശേഖരമേനോൻ, 'കിരാതീയ'ത്തിലെ റിട്ട.ഹെഡ്‌കോൺസ്‌റ്റബിൾ തുടങ്ങിയവ ജീവിതത്തിൽ മറക്കാനാവാത്ത കഥാപാത്രങ്ങളാണെന്ന് മോഹനൻ പറയുന്നു. ഘനഗംഭീരമായ ശബ്ദമാണ്‌മോഹനന്റെ സ്വത്ത്. പ്രായമായപ്പോഴും ആ ശബ്ദസൗകുമാര്യം അദ്ദേഹത്തിന് അനുഗ്രഹമായി.
ലോഹിതദാസ് രചിച്ച് ടി.കെ.ജോൺ സംവിധാനം ചെയ്ത 'സിന്ധു ശാന്തമായൊഴുകുന്നു' വിലെ നമ്പൂതിരിയുടെ റോൾ മോഹനൻ ഉജ്വലമാക്കി. ബെന്നി പി. നായരമ്പലത്തിന്റെ 'സ്വർഗത്തിന്റെ താക്കോൽ' ലിൽ കഥാപാത്രത്തിന്റെ മൃദംഗ വായന കാണികളെ അത്ഭുതപ്പെടുത്തി. ഹെൽത്ത് വർക്കേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
എസ്.എൻ.ഡി.പി.യോഗം ഡയറക്ടർ, കൊച്ചി എസ്.എൻ.ഡി.പി.യൂണിയൻ കൗൺസിലർ, യോഗം തറേഭാഗം ശാഖ പ്രസിഡന്റ്, സെക്രട്ടറി, പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, ശ്രീധർമ്മ പരിപാലനയോഗം കൗൺസിലർ എന്നീ പദവികളും വഹിച്ചു. എസ്.ആർ.പി.യുടെ ജില്ലാ സെക്രട്ടറിയായി കുറെക്കാലം രാഷ്ട്രീയ രംഗത്തും തിളങ്ങി. കൊച്ചിൻ ഭവന നിർമാണ സഹകരണ സംഘത്തിന്റെ പ്രസിഡന്റാണിപ്പോഴും. വത്സലയാണ് ഭാര്യ. മക്കൾ: മിഥുൻ, നിതുൻ.