കളമശേരി: ഭവനരഹിതർക്ക് വീട് നൽകുന്ന ലൈഫ് പദ്ധതിയെ ചൊല്ലി കളമശേരി നഗരസഭയിൽ ഭരണപക്ഷം നടത്തുന്ന പോര് പാവങ്ങൾക്ക് പാരയായി. പദ്ധതിക്ക് കണ്ടെത്തിയ സ്ഥലമാണ് തർക്ക വിഷയം. ആറ് മാസം മുമ്പാണ് നഗരസഭ പത്രപരസ്യം ചെയ്ത് സ്ഥലം തേടിയത്. അഞ്ച് സ്ഥല ഉടമകൾ സന്നദ്ധരായി എത്തുകയും ചെയ്തു.
13, 17, 18 വാർഡുകളിലെ ഭൂമിയാണ് ഉദ്യോഗസ്ഥർ ശുപാർശ ചെയ്തത്. ഇതിൽ ഏത് വേണമെന്ന് നിശ്ചയിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ ചേർന്നപ്പോൾ എൽ.ഡി.എഫ് എതിർവാദവുമായി രംഗത്തുവന്നു. നഗരസഭയുടെ ചിൽഡ്രൻസ് പാർക്കിന് സമീപത്തെ അഞ്ച് ഏക്കർ ഭൂമിയിൽ ലൈഫ് പദ്ധതി നടപ്പാക്കിയാൽ മതിയെന്നാണ് അവരുടെ നിലപാട്. ഇവിടെ 20 കോടി ചിലവിൽ കൺവെൻഷൻ സെന്റർ നിർമ്മിക്കാൻ നഗരസഭ തീരുമാനിച്ചിരുന്നെങ്കിലും നിലമായതിനാൽ അനുമതി കിട്ടിയില്ല.
ലൈഫ് പദ്ധതിക്കും അനുമതി കിട്ടില്ലെന്നും പദ്ധതി അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഭരണപക്ഷം ആരോപിച്ചു. തുടർന്ന് സംയുക്തസ്ഥലപരിശോധന നടത്തി തീരുമാനിക്കാൻ ഒത്തുതീർപ്പായെങ്കിലും പലവിധ തടസങ്ങളെ ചൊല്ലി പദ്ധതി നടപ്പാകാത്ത സ്ഥിതിയിലാണ്.
• കളമശേരി നഗരസഭയിലെ ലൈഫ് പദ്ധതിയിൽ 1003 പേർ വീടിനായി അപേക്ഷിച്ചിട്ടുണ്ട്.
ഇതിൽ 445 പേർ മാത്രമേ മുഴുവൻ രേഖകളും ഹാജരാക്കിട്ടുള്ളൂ.
•ലൈഫ് പദ്ധതിയുമായി മുന്നോട്ട് പോകും
പ്രതിപക്ഷം സഹകരിച്ചില്ലങ്കിലും ലൈഫ് പദ്ധതിയുമായി മുന്നോട്ട് പോകും. അടുത്ത കൗൺസിലിൽ തുടർ നടപടി എടുക്കും. സർക്കാരിൽ നിന്നും യാതൊരു സഹായവും ലഭിച്ചിട്ടില്ല. പദ്ധതിക്കായി ആറ് കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
റുഖിയാ ജമാൽ,നഗരസഭാ ചെയർപേഴ്സൺ
പുതിയ സ്ഥലം പദ്ധതി അട്ടിമറിക്കാൻ
കഴിഞ്ഞ കൗൺസിലിൽ ഞാൻ എത്തിയിരുന്നില്ല.വിവരങ്ങൾ ഒന്നും അറിയിച്ചിരുന്നില്ല. സ്ഥലം കാണാൻ നിശ്ചയിച്ച കാര്യം അറിയിക്കുകയോ വിളിക്കുകയോ ചെയ്തിട്ടില്ല. നിലവിൽ 5 ഏക്കർ സ്ഥലം ഉള്ള സ്ഥിതിക്ക് ഉള്ള പണം ഉപയോഗിച്ച് അവിടെ പണിയുകയും പോരാതെ വന്നാൽ വേറെ ഭൂമി വാങ്ങിക്കണം എന്നാണ് ഞങ്ങൾ ആദ്യം മുതൽ ആവശ്യപ്പെടുന്നത് .ലൈഫ് പദ്ധതി അട്ടിമറിക്കാൻ വേണ്ടിയാണ് പുതിയ സ്ഥലം കണ്ടെത്തി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. സ്ഥലം കണ്ടെത്തി നടപ്പാക്കാനാണ് തീരുമാനമെങ്കിലും ജനങ്ങളുടെ ആവശ്യമായതുകൊണ്ട് സഹകരിക്കും.
ഹെന്നി ബേബി ,നഗരസഭാ പ്രതിപക്ഷ നേതാവ്