vally
തിരുനബി എന്ന വീഡിയോയിലൂടെ വൈറലായ വള്ളിയെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് ആദരിക്കുന്നു.

ആലുവ: ആദ്യകാല സിനിമ സംവിധായകൻ യൂസഫ് കുട്ടമശേരിക്കും, തിരുനബി എന്ന കഥാപ്രസംഗത്തിലൂടെ വൈറലായ വള്ളിക്കും കുട്ടമശേരിയുടെ ആദരം. കുട്ടമശേരി ബ്രേക്കിംഗ് ന്യൂസ് എന്ന വാട്ട്‌സാപ്പ് കൂട്ടായ്മയാണ് ആദരിച്ചത്.

സമരം, കിനാവള്ളി തുടങ്ങിയ നിരവധി സിനിമകളും 65 നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട് യൂസഫ് കുട്ടമശേരി. വള്ളി സ്വയം എഴുതി തയ്യാറാക്കിയ തിരുനബി എന്ന കഥാപ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മൂന്ന് ലക്ഷം പേർ കാണുകയും നിരവധി പേർ പങ്ക് വയ്ക്കുകയും ചെയ്തു. നാടൻ പാട്ട് കലാകാരി കൂടിയാണ് വള്ളിയുടേത്. പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ്, കുട്ടമശ്ശേരി ബാങ്ക് പ്രസിഡന്റ് എം. മീതീൻപിള്ള എന്നിവരാണ് ഇരുവരെയും ആദരിച്ചത്.

കെ.എ. രമേശ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. പ്രളയം മൂലം നാഷനഷ്ടങ്ങൾ സംഭവിച്ച കുട്ടമശ്ശേരി യുവജന വായനശാലയ്ക്ക് സ്പീക്കറുകളും കൈമാറി. ചൊവ്വര ചാരിറ്റബിൾ സൊസൈറ്റി, സ്വപ്ന ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബ് എന്നിവയ്ക്ക് ഉപഹാരം നൽകി.

നന്മയുടെ കൂട്ടായ്മക്ക് ഒരു വയസ്

ജീവകാരുണ്യ സാമൂഹ്യ സേവന പ്രവർത്തനങ്ങളിലൂടെ വാട്ട്‌സാപ്പ് ഗ്രൂപ്പുകൾക്ക് മാതൃകയാവുകയാണ് 'കുട്ടമശേരി ബ്രേക്കിംഗ് ന്യൂസ്' എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പ്. ബ്രേക്കിംങ്ങ് ന്യൂസ് വാട്‌സാപ്പ് കൂട്ടായ്മ ഒരു വർഷം പൂർത്തിയാക്കി. 2018ലെ മഹാപ്രളയത്തിൽ മുങ്ങിയ കുട്ടമശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിനെ സഹായിക്കുന്നതിന് നാട്ടുകാരും പൂർവ വിദ്യാർത്ഥികളും എന്റെ വിദ്യാലയം എന്ന ഒരു വാട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ചിരുന്നു. നിരവധി സഹായ പദ്ധതികൾ നടപ്പിലാക്കിയ കൂട്ടായ്മയുടെ പ്രചോദനം ഉൾകൊണ്ടാണ് ബ്രേക്കിംഗ് ന്യൂസ് രൂപീകരിച്ചത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ മലബാർ മേഖലക്ക് കൈത്താങ്ങാകുവാൻ ഗ്രൂപ്പിന് കഴിഞ്ഞു.