plastic-ban

കൊച്ചി: മുന്നൊരുക്കമില്ലാതെയും ബന്ധപ്പെട്ടവരുമായി ചർച്ച നടത്താതെയും ഏകപക്ഷീയമായാണ് സർക്കാർ പ്ളാസ്‌റ്രിക് നിരോധിച്ചതെന്ന് കേരള പ്ളാസ്റ്റിക് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ആരോപിച്ചു. വ്യവസായത്തെ പ്രതിസന്ധിയിലാക്കിയ സർക്കാർ നടപടിക്കെതിരെ ഈമാസം ഒമ്പതിന് നിക്ഷപക സംഗമം നടക്കുന്ന കൊച്ചി ബോൾഗാട്ടി പാലസിന് സമീപം സത്യാഗ്രഹം നടത്തുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ബാലകൃ‌ഷ്‌ണ ഭട്ട് പത്രസമ്മേളനത്തിൽ പറഞ്ഞു.

മുന്നൊരുക്കം നടത്തിയെന്ന സർക്കാർ വാദം തെറ്റാണ്. നിരോധനം നടപ്പാക്കേണ്ട മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി ചർച്ച നടത്തിയിട്ടില്ല. പ്ളാസ്റ്റിക് ഉത്പന്നങ്ങൾ നിർമ്മിക്കുന്ന വ്യവസായികളോടും ആലോചിട്ടില്ല. ചില ഉദ്യോഗസ്ഥരുടെ താത്പര്യങ്ങളാണ് നിരോധനം വേഗത്തിൽ നടപ്പാക്കാൻ കാരണം. 1,200 കോടി രൂപയുടെ ഉത്പന്നങ്ങൾ നിർമ്മാതാക്കളുടെയും കച്ചവടക്കാരുടെയും പക്കലുണ്ട്. ഇവ വിറ്റഴിയ്ക്കാൻ ആറു മാസം പോലും അനുവദിച്ചില്ല.

സംസ്ഥാനത്ത് 1,300 ഓളം പ്ളാസ്റ്റിക് വ്യവസായങ്ങളുണ്ട്. മൂവായിരം കോടി രൂപ വിറ്റുവരവുള്ള വ്യവസായങ്ങൾ 540 കോടി രൂപ നികുതി അടയ്ക്കുന്നുണ്ട്. നേരിട്ട് 35,000 പേരും പരോക്ഷമായി 60,000 പേരും ജോലി ചെയ്യുന്നു. പ്ളാസ്റ്റിക് കവറുകളിൽ ഉത്പന്നങ്ങൾ പായ്ക്കു ചെയ്തു നൽകുന്ന കുടിൽ വ്യവസായങ്ങളും നിരോധനത്താൽ തകരും.

പ്ളാസ്റ്റിക്കിന് പകരം നിർദേശിക്കപ്പെട്ട ഇലകൾ പോലുള്ളവ സുലഭമല്ല. ഒരു തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് വസ്തുക്കൾ സംസ്‌കരിക്കുകയും ടാറിംഗിന് ഉപയോഗിക്കുകയും ചെയ്താൽ മാലിന്യം ഇല്ലാതാക്കാം. പ്ളാസ്റ്റിക് വലിച്ചെറിയുന്ന പ്രവണത മാറ്റാൻ ശുചിത്വം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. അസോസിയേഷൻ രൂപീകരിച്ച കമ്പനിക്ക് സ്ഥലം നൽകിയാൽ പ്ളാസ്റ്റിക് മാലിന്യം പൂർണമായി സംസ്കരിക്കാം.

സർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശകൾ നടപ്പാക്കണം. അടച്ചുപൂട്ടേണ്ടിവരുന്ന വ്യവസായങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുകയും തൊഴിലാളികളെ പുനർവിന്യസിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻ സംസ്ഥാന പ്രസിഡന്റുമാരായ പി.ജെ. മാത്യു, എം.ടി. തോമസ്, അലോക് കുമാർ, ജോസഫ് സാൻഡർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.