മുവാറ്റുപുഴ: ന്യു ഇയർ സ്‌പെഷ്യൽ ഡ്രൈവ് പ്രമാണിച്ച് കല്ലൂർക്കാട് നാകപ്പുഴ മേഖലയിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ മൊബൈൽ ബാർ ഉടമ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പിടിയിലായി. കല്ലൂർക്കാട് നാകപ്പുഴ മുണ്ടാടൻ വീട്ടിൽ പുല്ലൻ ജോർജ് എന്ന് വിളിക്കുന്ന ജോർജ് വർഗീസ് (52) ആണ് പിടിലായത്. മുവാറ്റുപുഴ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പി.കെ.സതീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കല്ലൂർക്കാട് നാഗപ്പുഴ മേഖലയിൽ അനധികൃത മദ്യ വില്പന വ്യാപകമാണെന്ന് പരാതി ലഭിച്ചിരുന്നു. ഉത്സവ സീസണുകളിലും,ഡൈഡേകളിലും ആവശ്യക്കാർക്ക് എപ്പോൾ വേണമെങ്കിലും മദ്യം എത്തിച്ചുകൊടുക്കുന്ന ഒരു സംഘം തന്നെ ഈ മേഖലയിലുണ്ടെന്ന വിവരം എക്‌സൈസിന് ലഭിച്ചിരുന്നു. പുല്ലൻ ജോർജ് എന്ന് വിളിക്കുന്ന ജോർജ് വർഗീസ് സ്ഥിരമായി മൊബൈൽ ബാർ നടത്തി വരുന്നയാളാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു . വളരെ വ്യാപകമായ രീതിയിൽ ഇയാൾ മദ്യവില്പന നടത്തി വരികയായിരുന്നു. ഡൈഡേയോടനുബന്ധിച്ച് വില്പന നടത്തുന്നതിനായി ശേഖരിച്ചിരുന്ന മദ്യമാണ് പിടിച്ചെടുത്തത്. പുതുവത്സരത്തലേന്നു തന്നെ മദ്യ വില്പന ആരംഭിച്ചിരുന്നു. വർഷങ്ങൾക്കു മുമ്പ് ഇയാൾ പിടിക്കപ്പെട്ടിട്ടുള്ളതാണ്. ദിവസങ്ങളായി ഇയാളെ എക്‌സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ഇവിടെ ശക്തമായ നിരീക്ഷണങ്ങളും, പരിശോധനകളും തുടർന്നും ഉണ്ടായിരിക്കുമെന്നും പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും ഇൻസ്‌പെക്ടർ അറിയിച്ചു. 0485 2836717, 9400069576 എന്നീ നമ്പരുകളിൽ പൊതുജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വിവരങ്ങൾ നൽകാവുന്നതാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. എക്‌സൈസ് ഇൻസ്‌പെക്ടർ പി.കെ.സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.