കൊച്ചി: ആരാധനാലയങ്ങളിലെ ഓരോ ഉത്സവങ്ങൾക്കും കൃത്യമായ നിർദ്ദേശങ്ങൾ നൽകാൻ നോഡൽ ഓഫീസർമാരെ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി നിയമിക്കണമെന്ന് പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം അന്വേഷിച്ച ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ കമ്മിഷൻ സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. ജൂനിയർ സൂപ്രണ്ട് - ഡെപ്യൂട്ടി തഹസിൽദാർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെയാണ് നിയമിക്കേണ്ടത്.
ഉത്സവം നടത്താൻ സംഘാടകർ വിവിധ സർക്കാർ ഏജൻസികളുടെ ഏകോപനത്തിന് നോഡൽ ഓഫീസറെയാണ് ബന്ധപ്പെടേണ്ടത്. ഉത്സവാഘോഷങ്ങൾ സംഘടിപ്പിക്കുന്ന മത സ്ഥാപനങ്ങൾ നാല് മാസം മുമ്പുതന്നെ വിശദമായ ഫെസ്റ്റിവൽ പ്ളാൻ തയ്യാറാക്കി നൽകണം. സംഘാടകർ തെറ്റായ വിവരങ്ങൾ നൽകിയാണ് പലപ്പോഴും അനുമതി വാങ്ങുന്നത്. ഇതു ദുരന്തങ്ങൾക്ക് കാരണമാവുന്നുണ്ടെന്നും ജസ്റ്റിസ് ഗോപിനാഥൻ കമ്മിഷന്റെ റിപ്പോർട്ടിൽ പറയുന്നു.
മറ്റു നിർദ്ദേശങ്ങൾ
അപകട സാദ്ധ്യത രണ്ടാഴ്ച മുമ്പ് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി വിലയിരുത്തണം
ഉത്സവ സമിതി സെക്രട്ടറിയെയോ എക്സിക്യൂട്ടീവ് ഓഫീസറെയോ ഫെസ്റ്റിവൽ കൺട്രോളറാക്കണം
സുരക്ഷാ ഒരുക്കങ്ങളുടെ നേരിട്ടുള്ള ചുമതല ഫെസ്റ്റിവൽ കൺട്രോളർക്കായിരിക്കണം
സുരക്ഷയ്ക്കായി ഉത്സവ ബഡ്‌ജറ്റിന്റെ 25 ശതമാനത്തിൽ കുറയാത്ത തുക മാറ്റിവയ്ക്കണം
ഉത്സവത്തിന് 15 ദിവസം മുമ്പ് സുരക്ഷാ മുന്നൊരുക്കങ്ങൾ നോഡൽ ഓഫീസറെ ധരിപ്പിക്കണം
വെടിക്കെട്ടിന് അനുമതി നൽകുന്നത്
85 ഡെസിബെല്ലിൽ കൂടിയ വെടിക്കെട്ടിന് അനുമതി നൽകരുത്. അനുമതി അപേക്ഷ മൂന്ന് മാസം മുമ്പ് ജില്ലാ മജിസ്ട്രേട്ടിന് നോഡൽ ഓഫീസർ മുഖേന നൽകണം. പൊലീസ്, ഫയർ ഫോഴ്സ് വിഭാഗങ്ങളുമായി ചേർന്ന് സ്ഥലത്ത് സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് നൽകണം. ഇതു ലഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണം.
100 മീറ്റർ ചുറ്റളവിൽ ബാരിക്കേഡ് സ്ഥാപിച്ച് ആളുകളെ തടയാൻ സൗകര്യമില്ലെങ്കിൽ അനുമതി നൽകരുത്. സാമ്പിളുകൾ ശിവകാശിയിലെ ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഒഫ് എക്‌സ്‌പ്ളോസീവ് മുമ്പാകെ ഹാജരാക്കണം. കുഴിമിന്നി, അമിട്ട് തുടങ്ങിയ പരമ്പരാഗത ഇനങ്ങളുടെ നിർമ്മാതാക്കൾ ഇവയിലെ ചേരുവകൾ, അളവ്, സ്വഭാവം തുടങ്ങിയവ ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഒഫ് എക്‌സ്‌പ്ളോസീവിന് ലഭ്യമാക്കണം. പരമ്പരാഗത ഇനങ്ങളിൽ നിർമ്മാണത്തീയതി, ഭാരം, ശബ്ദത്തിന്റെ അളവ്, എത്ര ഉയരത്തിൽ പോകും എന്നീ കാര്യങ്ങൾ ലേബലായി പതിച്ചിരിക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്.