മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം 4 മുതൽ 10 വരെ ക്ഷേത്രം തന്ത്രി തരണനല്ലൂർ രാമൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലും , മേൽ ശാന്തി പുളിക്കപ്പറമ്പിൽ ദിനേശൻ നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലും നടക്കുമെന്ന് ഉത്സവ കമ്മറ്റി കൺവീനർ പി.കൃഷ്ണകുമാർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 4ന് വെെകിട്ട് ദീപാരധനക്കു ശേഷം പ്രസാദ ശുദ്ധിക്രിയകൾ, ഒന്നാം ദിവസമായ 5ന് വെെകിട്ട് 6.30 ന് ദീപകാഴ്ചയോടെ ദീപാരാധന തുടർന്ന് ക്ഷേത്രം തന്ത്രി തരണനല്ലൂർ രാമൻ നമ്പൂതിരി തൃക്കൊടിയേറ്റും. രാത്രി 8ന് ഭരതനാട്യകച്ചേരിയും രണ്ടാം ദിവസമായ 6ന് പൂജകൾ പതിവുപോലെ ഉച്ചക്ക് 12 ന് പ്രസാദ ഊട്ട്, രാത്രി 7.30ന് മേജർസെറ്റ് കഥകളി , മൂന്നാം ദിവസം പൂജകൾക്ക് ശേഷം രാത്രി അത്താഴപൂജയും 7.30 ഫ്യൂഷൻ - സോംഗ് ആൻഡ് വയലിൻ, 8.30ന് ശ്രീഭൂതബലി വിളക്കിനെഴുന്നള്ളിപ്പും നാലാം ദിവസമായ 8ന് രാവിലെ 9ന് ഉത്സവ ബലിദർശനം, രാത്രി 7ന് സംഗീതസദസ്. 8.15ന് പിന്നൽ തിരുവാതിര. അ‌ഞ്ചാം ദിവസമായ 9ന് പൂജകൾ പതിവുപോലെ വെെകിട്ട് 4ന് മൂവാറ്റുപുഴ പൂരവും കുടമാറ്റവും ഗജകേസരി മലയാലപ്പുഴരാജൻ വെള്ളൂർക്കുന്നത്തപ്പന്റെ തിടമ്പ് ഏറ്റുമ്പോൾ പെരുവനം പ്രകാശൻ മാരാരുടെ പ്രമാണത്തിൽ 51 കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളം ഉണ്ടാകും. രാത്രി 7ന് ഭജൻസ് 9ന് പള്ളിവേട്ട, 11 ന് അകത്തേക്ക് എഴുന്നള്ളിപ്പ്. സമാപനദിവസമായ 10ന് രാവിലെ 7ന് ആറാട്ട് എഴുന്നള്ളിപ്പ്, തുടർന്ന് തിരുആറാട്ട്, ആറാട്ട് വരവ്, കൊടിമരച്ചുവട്ടിൽ പറവയ്പോടെ തിരുവുത്സവം സമാപിക്കുമെന്ന് കൺവീനർ അറിയിച്ചു. ക്ഷേത്രം ട്രസ്റ്റി പി.ആർ. ഗോപാലകൃഷ്ണൻ, ഉത്സവകമ്മറ്റി അംഗം പി.കെ. സോമൻ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.