കൊച്ചി: മരടിൽ ഫ്‌ളാറ്റുകൾ പൊടിഞ്ഞു വീഴുന്നത് കാണാൻ ഒരാളും ആ വഴിക്ക് വരേണ്ട. സ്‌ഫോടനം നടക്കുമ്പോൾ ആളുകൾ ഏഴയിലത്ത് അടുക്കാതിരിക്കാനുള്ള മാസ്‌റ്റർ പ്‌ളാൻ തയ്യാറാക്കുകയാണ് കൊച്ചി സിറ്റി പൊലീസ്. രണ്ടു ദിവസത്തിനുള്ളിൽ പദ്ധതികൾക്ക് അന്തിമരൂപം നൽകും.

സുരക്ഷാ വലയം

പൊളിക്കുന്ന ഫ്ളാറ്റുകൾക്ക് ചുറ്റും നിശ്‌ചിത ദൂരത്തിൽ സുരക്ഷാ വലയമൊരുക്കും. ഇവിടേക്ക് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ആർക്കും പ്രവേശനമുണ്ടാകില്ല. വീടുകൾ, ഫ്ളാറ്റുകൾ എന്നിവിടങ്ങളിൽ നിന്നും മുഴുവൻ ആളുകളെയും ഒഴിപ്പിക്കും.സ്ഫോടനങ്ങൾക്ക് തൊട്ടു മുമ്പ് ദേശീയപാതയും സമീപത്തെ റോഡുകളിലും ഗതാഗതം തടയും. ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലായിരിക്കും ക്രമീകരണങ്ങൾ.

രണ്ടാം ശനി, ഞായർ ദിവസങ്ങളായതിനാൽ റോഡിൽ തിരക്ക് കുറവായിരിക്കുമെന്നാണ് പൊലീസ് പ്രതീക്ഷ.

കാഴ്ചക്കാരെ ഫ്‌ളാറ്റിൽ കയറ്റരുത്

സുരക്ഷാ വലയത്തിനപ്പുറമുള്ള വലിയ ഫ്‌ളാറ്റുകളിൽ കാഴ്ചക്കാർ തമ്പടിക്കാൻ സാധ്യതയുണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. ആളുകളെ ഫ്‌ളാറ്റുകൾക്ക് മുകളിലേക്ക് കയറ്റിവിടരുതെന്ന് ഓണേഴ്സ് അസോസിയേഷന് നിർദ്ദേശം നൽകും. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഈ മുൻകരുതൽ. ജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ അടുത്ത ദിവസം പൊലീസ് പുറപ്പെടുവിക്കും.

 സുരക്ഷയാണ് വലുത്

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. കേരളത്തിലെ ആദ്യ സംഭവമായതിനാൽ കാഴ്ചക്കാരുണ്ടാകും. അതിനാൽ കർശന നിയന്ത്രണങ്ങളും സുരക്ഷയും ഏർപ്പെടുത്തും. ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല.

ജി.പൂങ്കുഴലി

ഡെപ്യൂട്ടി കമ്മിഷണർ, കൊച്ചി സിറ്റി

പൊടിയകറ്റാൻ തുടർച്ചയായി വെള്ളം ചീറ്റിക്കും

ഫ്‌ളാറ്റുകൾ സ്ഫോടനത്തിൽ തകരുമ്പോഴുണ്ടാകുന്ന പൊടിയകറ്റാൻ നാലു ദിക്കിൽ നിന്നും അഗ്‌നിശമന സേന വെള്ളം ചീറ്റിക്കും. ഇതിനായി ജില്ലയ്‌ക്ക് പുറത്തുനിന്നുള്ള യൂണിറ്റുകളുടെ സഹായവും തേടും. അന്തിമ പദ്ധതി രണ്ടു ദിവസത്തിനകം തയ്യാറാകും. പൊടി അതിഭീകരമായിരിക്കുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന സൂചന. എത്ര അകന്ന് നിന്ന് വെള്ളം ചീറ്റിക്കാൻ കഴിയുമെന്നാണ് അഗ്‌നിശമന സേന പരിശോധിക്കുന്നത്. ഇവരുടെ സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്.

 മാസ്‌റ്റർ പ്‌ളാൻ തയ്യാറാക്കും

വാഹനങ്ങൾ ഫ്ളാറ്റുകൾക്ക് സമീപം എങ്ങനെ സുരക്ഷിതമായി എത്തിക്കുമെന്നതാണ് പ്രധാന പ്രശ്‌നം. ഫ്ളാറ്റ് ഇടിഞ്ഞ് വീഴുമ്പോൾ തുടർച്ചയായുള്ള വെള്ളം ചീറ്റിക്കലിലൂടെ മാത്രമേ പൊടിയകറ്റാൻ കഴിയൂ. എത്ര മണിക്കൂർ നീണ്ട പ്രയത്നം വേണമെന്ന് പറയാനാവില്ല. രണ്ടു ദിവസത്തിനകം രൂപരേഖ തയ്യാറാകും.

എ.എസ്. ജോജി

ജില്ലാ ഫയർ ഓഫീസർ