syro-malabar

കൊച്ചി: ജനാഭിമുഖ കുർബാന ഉൾപ്പെടെ ആരാധനാക്രമത്തിൽ യാതൊരു മാറ്റവും വരുത്തരുതെന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ യോഗം സീറോമലബാർ സഭാ സിനഡിനോട് ആവശ്യപ്പെട്ടു.

വിവാദമായ സ്ഥലമിടപാടിൽ അതിരൂപതയ്ക്ക് സംഭവിച്ച നഷ്ടം ഉത്തരവാദപ്പെട്ടവരിൽ നിന്ന് തിരിച്ചുപിടിക്കണമെന്നും അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.ജനുവരി ഏഴു മുതൽ നടക്കുന്ന സഭാ സിനഡിൽ ആരാധനാക്രമത്തിൽ കുർബാനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഷ്കരിക്കുന്നത് ചർച്ച ചെയ്യുമെന്ന് ലിറ്റർജി ആക്ഷൻ കൗൺസിൽ കൺവീനർ ഫാ. ജോസ് ഇടശേരി പറഞ്ഞു.സഭയിൽ രണ്ടു തരത്തിലാണ് കുർബാന. ഒന്ന് ജനാഭിമുഖ കുർബാന, മറ്റൊന്ന് പൂർണമായി അൾത്താരയിലേയ്ക്ക് അഭിമുഖമായ കുർബാന. അവ ഏകീകരിക്കാൻ മുമ്പും ശ്രമം നടന്നിട്ടുണ്ട്. ഓരോ ബിഷപ്പിന്റെയും വിശ്വാസികളുടെയും താല്പര്യപ്രകാരം കുർബാന നടത്താൻ അനുവദിച്ചിരുന്നു.എറണാകുളം, ഇരിങ്ങാലക്കുട, പാലക്കാട്, മാനന്തവാടി, താമരശേരി രൂപതകളിൽ വർഷങ്ങളായി ജനാഭിമുഖ കുർബാനയാണ്. അത് തുടരാനുള്ള സ്വാതന്ത്ര്യമാണ് വൈദികർ ആവശ്യപ്പെടുന്നത്.

റിപ്പോർട്ട് പരസ്യപ്പെടുത്തണം

സ്ഥലമിടപാടിൽ 41.51 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് പ്രൊഫ. ഇഞ്ചിയോടി കമ്മിഷൻ കണ്ടെത്തിയതെന്ന് ആക്ഷൻ കൗൺസിൽ ജനറൽ സെക്രട്ടറി ഫാ. രാജൻ പുന്നയ്‌ക്കൽ പറഞ്ഞു. നഷ്ടം പരിഹരിക്കാനുള്ള നടപടികൾക്കാണ് ആന്റണി കരിയിലിനെ രൂപതയുടെ ബിഷപ്പായി സിനഡ് നിയോഗിച്ചത്. നടപടി സിനഡിൽ തീരുമാനിക്കുമെന്ന് അദ്ദേഹം വൈദിക സമിതിയെ അറിയിച്ചിട്ടുണ്ട്. റിപ്പോർട്ട് പരസ്യപ്പെടുത്താനും സിനഡ് നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വീണ്ടും പ്രക്ഷോഭത്തിന്

അൽമായർ

ആരാധനാക്രമം, സ്ഥലമിടപാടിലെ നഷ്ടം തുടങ്ങിയ സംബന്ധിച്ച ആവശ്യങ്ങളിൽ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സിനഡ് ഉപരോധം ഉൾപ്പെടെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ വിശ്വാസികളുടെ കൂട്ടായ്‌മയായ അൽമായ മുന്നേറ്റം സംഘടിപ്പിച്ച യോഗം തീരുമാനിച്ചു.

സ്ഥലമിടപാടിലെ നഷ്ടം ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കാൻ സിനഡ് തീരുമാനിക്കണമെന്ന് അൽമായ മുന്നേറ്റം കൺവീനർ ബിനു ജോൺ, വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ പറഞ്ഞു. നഷ്‌ടം മൂടിവയ്ക്കാൻ ശ്രമിച്ച അതിരൂപതാ ഭരണസംവിധാനം അഴിച്ചുപണിയണം. നിലവിലെ ആരാധനാരീതി മാറ്റരുതെന്നും യോഗം ആവശ്യപ്പെട്ടു.