കൊച്ചി: തൃപ്രയാർ നടന സാത്വികയുടെ (ദി പെർഫോമിംഗ് ആർട്‌സ്) നൃത്തസന്ധ്യ ‘രാധായനം’ ശനിയാഴ്ച വൈകിട്ട് 5.30ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ അരങ്ങേറുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒന്നര മണിക്കൂർ നീണ്ട നൃത്തസന്ധ്യയിൽ മൂന്ന് വയസ് മുതലുള്ള 25 കലാകാരന്മാർ അണിനിരക്കും. നടനസാത്വിക പ്രധാനാദ്ധ്യാപിക ഉഷ ഫ്രെഡിയാണ് രാധായനത്തിന്റെ മുഖ്യ ശില്പി. ഉണ്ണി മംഗലമാണ് കലാസംവിധാനം. ഊരകം സുരേന്ദ്രനാണ് ചമയം. ഏപ്രിലിൽ 500 കലാകാരന്മാരുമായി അരങ്ങിലെത്തുന്ന സുന്ദരകാണ്ഡം നൃത്താവിഷ്‌കാരത്തിന് മുന്നോടിയായാണ് രാധായനം അവതരിപ്പിക്കുന്നത്. അദ്ധ്യാപിക ഉഷാ ഫ്രെഡി നടനസാത്വിക പ്രസിഡന്റ് സനു അശോക്, വൈസ് പ്രസിഡന്റ് സുനിൽ വൈശാഖ്, പ്രോഗ്രാം കോർഡിനേറ്റർ ബാബുരാജ് കേച്ചേരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.