കൊച്ചി: ടാങ്കറുകൾക്ക് നിറം മാറാൻ 20 ദിവസം, ഇനി കുടിവെള്ളം വാട്ടർ അതോറിറ്റിയുടെ ഹൈഡ്രന്റിൽ നിന്നു മാത്രം. എറണാകുളത്ത് നടപ്പാക്കുന്ന ഓപ്പറേഷൻ പ്യുവർ വാട്ടർ കർമ്മ പദ്ധതിയുടെ ഭാഗമായുള്ള പരിഷ്കാരങ്ങൾക്കാണ് കഴിഞ്ഞ ദിവസം തുടക്കമായത്. ആലുവയിലും കുണ്ടന്നൂരിലമുള്ള വാട്ടർ അതോറിറ്റി ഹൈഡ്രന്റുകളിൽ നിന്നാണ് ഇനി ടാങ്കറുകൾ കുടിവെള്ളം ശേഖരിക്കേണ്ടത്. ഇത്തരം ടാങ്കറുകൾക്ക് നീല നിറമാണ് നിഷ്‌കർഷിച്ചത്. കുടിവെള്ളത്തിനല്ലാതെ, മറ്റാവശ്യങ്ങൾക്കായി വെള്ളം കിണറുകളിൽ നിന്ന് ശേഖരിക്കാം. ഇത്തരം ടാങ്കറുകൾ ഗോൾഡൻ ബ്രൗൺ നിറത്തിലുള്ളവയായിരിക്കണം. കുടിവെള്ളവുമായി പോകുന്ന ജില്ലയിലെ ടാങ്കർ ലോറികൾക്ക് ആർ.ടി. ഓഫീസിൽ പ്രത്യേക രജിസ്ട്രേഷൻ സംവിധാനം കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. ഓപ്പറേഷൻ പ്യുവർ വാട്ടർ കർമ്മ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കുടിവെള്ള ടാങ്കർ ഉടമകളുമായി ജില്ലാ കളക്ടർ എസ്. സുഹാസ് നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. ടാങ്കർ ലോറികളുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യാൻ ഒരു വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥനെ കളക്ടറേറ്റിലെ അടിയന്തരഘട്ട കാര്യ നിർവഹണ കേന്ദ്രത്തിൽ നിയോഗിച്ചിട്ടുണ്ട്.

യോഗത്തിൽ ചർച്ച ചെയ്ത വിഷയങ്ങൾ

 ഹൈഡ്രന്റുകളുടെ എണ്ണം വർദ്ധിപ്പിക്കുക

 സർക്കാർ തലത്തിൽ വെള്ളത്തിന് വില നിശ്ചയിക്കുക

 കുടിവെള്ള വിതരണത്തിന് പ്രത്യേക രജിസ്ട്രേഷൻ ആർ.ടി.എയിൽ നിന്ന് നേടുക

 ജലവിതരണം കാര്യക്ഷമമാക്കാൻ സബ് കമ്മിറ്റിയുണ്ടാക്കുക

 മരടിലെയും ആലുവയിലെയും ഹൈഡ്രന്റുകൾ 24 മണിക്കൂർ പ്രവർത്തിക്കുക

 ഫാക്ട്, എഫ്.ഐ.ടി എന്നിവിടങ്ങളിൽ നിന്ന് വെള്ളം ശേഖരിക്കുക

 നിർമ്മാണാവശ്യത്തിന് കിണർ വെള്ളം എടുക്കാൻ അനുവദിക്കുക

വെള്ളക്കണക്ക്

കുടിവെള്ള ടാങ്കറുകൾ - 400

ഒരു ദിവസം വേണ്ട വെള്ളം - 2000 ടാങ്കർ

ഇതുവരെ രജിസ്റ്റർ ചെയ്തത് - 12 ടാങ്കർ ലോറികൾ

 കുടിവെള്ള വിതരണം തടസപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. വാട്ടർ അതോറിറ്റിയുടെ പമ്പിംഗ് പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയെടുക്കും

എസ്. സുഹാസ് ജില്ലാ കളക്ടർ

 ടാങ്കർ ലോറികളുടെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് നിലവിൽ പ്രശ്നങ്ങളില്ല. സ്ഥിതി പഴയതു പോലെയായി.

ആർ. രാമചന്ദ്രൻ, സെക്രട്ടറി ജില്ലാ ഡ്രിങ്കിംഗ് വാട്ടർ ട്രാൻസ്പോർട്ടേഴ്സ് വെൽഫെയർ അസോ.