കൊച്ചി: ജനുവരി എട്ടിന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുമെന്ന് ട്രേഡ് യൂണിയൻ കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. രാജ്യം ഗുരുതര സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങളെല്ലാം ഹനിക്കുന്ന തരത്തിലാണ് 44 തൊഴിൽ നിയമങ്ങൾ 4 കോഡുകളാക്കി മാറ്റുന്നത്. ലാഭകരമായ പൊതുമേഖലകൾ കോർപ്പറേറ്റുകൾക്ക് വിറ്റുതുലക്കുകയാണ് കേന്ദ്ര സർക്കാർ. പുതിയ തൊഴിൽ നിയമങ്ങളുടെ പരിഷ്കരണത്തോടെ സംഘടനാ സ്വാതന്ത്ര്യവും തൊഴിലാളിക്ക് നഷ്ടമാകും. കേന്ദ്രത്തിന്റെ അതേ നയങ്ങളാണ് കേരള സർക്കാരും തുടരുന്നതെന്നും ഭാരവാഹികൾ ആരോപിച്ചു. ചെയർമാൻ റസാഖ് പാലേരി, ജോൺസൺ അമ്പാട്ട്, ജയൻ കോനിക്കര, മുസ്തഫ പള്ളുരുത്തി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.