കൊച്ചി: ഒന്നേകാൽ ലക്ഷം യാത്രക്കാരെന്ന റെക്കാഡ് ബുധനാഴ്ച നേടിയ കൊച്ചി മെട്രോ റെയിലിൽ ക്രിസ്‌മസ്, നവവത്സര കാലത്ത് സഞ്ചരിച്ചത് പത്തു ലക്ഷം പേർ. ബുധനാഴ്ച മാത്രം 1,25,131 പേരാണ് മെട്രോയിൽ സഞ്ചരിച്ചത്.
ഡിസംബർ 20 നും ജനുവരി ഒന്നിനുമിടയിൽ 10,40,799 പേരാണ് യാത്രക്കാർ. യാത്രയ്ക്കും ഷോപ്പിംഗിനും ജനങ്ങൾ മെട്രോയെ കൂടുതൽ ആശ്രയിക്കുന്നതിന്റെ തെളിവാണ് യാത്രക്കാരുടെ വർദ്ധനവെന്ന് മെട്രോ അധികൃതർ പറഞ്ഞു.
ഡിസംബർ യാത്രക്കാർ
31 : 84,957
30 : 73,197
29 : 66,020
28 : 90,332
27 : 81,129
26 : 75,944
25 : 60,610
24 : 73,574
23 : 87,015
22 : 65,815
21 : 82,828
20 : 74,247
വെള്ളിയാഴ്ച പൊതുവാഹനം
പൊതുഗതാഗതസംവിധാനം പ്രോത്സാഹിപ്പിക്കാൻ വെള്ളിയാഴ്ചകൾ പൊതുഗതാഗത ദിനമായി കൊച്ചി മെട്രോ ജീവനക്കാർ ആചരിക്കും. കുടുംബശ്രീ അംഗങ്ങളും മാനേജിംഗ് ഡയറക്ടറും ഉൾപ്പെടെ മെട്രോയിലെ മുഴുവൻ ജീവനക്കാരും വെള്ളിയാഴ്ചകളിൽ പൊതുവാഹനങ്ങൾ ജോലിക്ക് വരാനും മടങ്ങിപ്പോകാനും ഉപയോഗിക്കും. സ്വന്തം വാഹനങ്ങൾ ഒഴിവാക്കും. 1500 ജീവനക്കാരാണ് മെട്രോയിൽ ജോലി ചെയ്യുന്നത്.
ഇതൊരു സന്ദേശം
പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനും വാഹനത്തിരക്ക് കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം പരമാവധി ഒഴിവാക്കാനുമാണ് മെട്രോ ഇതുവഴി ശ്രമിക്കുന്നത്. ജനങ്ങൾക്ക് സന്ദേശം നൽകുകയും ലക്ഷ്യമാണ്.
അൽക്കേഷ് കുമാർ ശർമ്മ
മാനേജിംഗ് ഡയറക്ടർ
കൊച്ചി മെട്രോ