കൊച്ചി: അരലക്ഷത്തോളം പൂച്ചെടികൾ, റോസാച്ചെടി , ഓർക്കിഡ്, ചെമ്പരത്തി, ഗ്രാഫ്റ്റ് ചെയ്ത അഡീനിയം, പെറ്റിയൂണിയ, ടേബിൾ ടോപ്പ് ഗാർഡൻ, വെണ്ണയിൽ തീർത്ത അരയന്നത്തിന്റെ രൂപം. അമ്പതിനായിരം ചതുരശ്ര അടിയുടെ പന്തലിൽ വസന്തം തീർത്ത് 38ാമത് കൊച്ചിൻ ഫ്ളവർ ഷോ ഇന്ന് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ആരംഭിക്കും. 12വരെയാണ് പ്രദർശനം. മേളയുടെ അവസാന ദിവസം പ്രദർശന വസ്തുകളുടെ വിപണനവുമുണ്ടാകും. എറണാകുളം ജില്ലാ അഗ്രിഹോർട്ടികൾച്ചർ സൊസൈറ്റിയാണ് സംഘാടകർ. സംസ്ഥാന കൃഷിവകുപ്പ്, ഫാം ഇൻഫർമേഷൻ ബ്യൂറോ, കയർ ബോർഡ്, നാളികേര വികസന ബോർഡ്, സംസ്ഥാന ഹോട്ടികൾച്ചർ മിഷൻ, കേരഫെഡ്, ഇൻഫോ പാർക്ക് എന്നീ സർക്കാർ,അർദ്ധ സർക്കാർ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. 50000 ചരുരശ്ര അടിയിലാണ് പ്രദർശന പന്തൽ ഒരുക്കിയിരിക്കുന്നത്. ജർമ്മൻ സങ്കേതിക വിദ്യയിൽ 140 അടി വീതിയിലും 300 അടി നീളത്തിലും തൂണുകളില്ലാതെ ഒരുക്കിയ പന്തൽ തയ്യാറാക്കിയിരിക്കുന്നത് നിയോ കൊച്ചിൻ ഇൻഫ്രസ്ട്രക്ച്ചർ സർവീസാണ്. 40 അടി ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന പന്തൽ കേരളത്തിലെ എറ്റവും വലിയ പ്രദർശന പന്തലാണ്.
# ഉദ്‌ഘാടനം ഇന്ന്
പ്രദർശനം ഇന്ന് വൈകീട്ട് 5ന് കേരള ഹൈക്കോടതി ജഡ്ജി എ.കെ ജയശങ്കരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യും. ടി.ജെ വിനോദ് എം.എൽ.എ അദ്ധ്യക്ഷനാകും. ഹൈബി ഈഡൻ എം.പി, കളക്ടർ എസ്. സുഹാസ് എന്നിവർ പങ്കെടുക്കും. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രദർശനം . മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സ്കൂൾ വിദ്യാർഥികൾക്ക് കുറഞ്ഞ നിരക്കിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്.