ആലുവ: തോട്ടുമുഖം കവലയിൽ മത്സരിച്ചോടിയ കാറും ബൈക്കും അപകടത്തിൽപെട്ടു. ഇന്നലെ രാവിലെ 7.30 ഓടെ ആലുവയിലേക്ക് വരികയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിക്കുകയും സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു.
കടമുറിയുടെ ഷട്ടർ തകർത്ത കാർ തലകീഴായി മറിഞ്ഞു. ഇടിയെത്തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് ബൈക്കിലുണ്ടായിരുന്ന രണ്ടുപേരും റോഡിൽ വീണെങ്കിലും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കാറിൽ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ഇവർക്കും കാര്യമായ പരിക്കുകളുണ്ടായില്ല. രണ്ട് വാഹനങ്ങളിൽ യാത്ര ചെയ്തിരുന്നവർ പരിചയക്കാരാണെന്ന് പൊലീസ് പറഞ്ഞു.