hss

കൊച്ചി: ഹയർ സെക്കൻഡറി മാതൃകാ പരീക്ഷ വിദ്യാർത്ഥികളെ വെള്ളം കുടിപ്പിക്കുമെന്ന് ആശങ്ക. ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്ക് ഒരു ദിവസം രണ്ട് പരീക്ഷ വീതം നടത്താനാണ് തീരുമാനം.

പരീക്ഷാ വിഭാഗം ജോയിന്റ് സെക്രട്ടറി പുറത്തിറക്കിയ ടൈംടേബിൾ പ്രകാരം ഫെബ്രുവരി 14 മുതൽ 20 വരെ ശനിയും​ ഞായറും ഒഴിവാക്കിയാൽ അഞ്ച് ദിവസം കൊണ്ട് പരീക്ഷ തീരും. ഒരു പരീക്ഷ രണ്ടേ മുക്കാൽ മണിക്കൂർ വരെ നീളും. ചില ദിവസം അഞ്ചര മണിക്കൂർ വരെ എഴുതേണ്ടി​ വരും. രാവിലെ ഒമ്പതരയ്ക്കും വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കുമാണ് പരീക്ഷ.15 മിനിട്ട് കൂൾ ഒഫ് സമയം ഉൾപ്പെടെ 2.45 മണി​ക്കൂറാണ് പരീക്ഷ. പ്രാക്ടിക്കൽ വേണ്ട വിഷയങ്ങളിൽ 2.15 മണി​ക്കൂറും.

ഒരു വിഷയത്തിന് രണ്ട് ഉപവിഷയങ്ങൾ പഠിക്കേണ്ടി വരുന്ന വിദ്യാർത്ഥികളെയാണ് ദിവസം രണ്ട് പരീക്ഷ ഏറെ വലയ്ക്കുക.ഹയർസെക്കൻഡറി സയൻസ് വിദ്യാർത്ഥികൾക്ക് ബോട്ടണി,​ സുവോളജി എന്നിങ്ങനെ രണ്ട് ഉപവിഷയങ്ങൾ ചേർന്നാണ് ബയോളജി പേപ്പർ. ബയോളജി പരീക്ഷയ്ക്ക് 2.25 മണിക്കൂറാണ് സമയം. ഒരു മണിക്കൂർ 10 മിനിട്ട് ഓരോ പേപ്പറി​നും ലഭി​ക്കും. ഫെബ്രുവരി 14ന് രാവിലെ ബയോളജിയും ഉച്ചയ്ക്ക് കണക്കുമാണ് വിദ്യാർത്ഥികൾ എഴുതേണ്ടി വരിക. ദിവസം രണ്ട് പരീക്ഷ കുട്ടികളുടെ മാനസിക സംഘർഷം കണക്കിലെടുത്ത് വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ചതാണ്. ഹൈസ്‌കൂൾ-ഹയർ സെക്കൻഡറി ലയനം പ്രാവർത്തികമാക്കിയെന്നു വരുത്തിത്തീർക്കാനാണ് ഇത്തരത്തിൽ ആസൂത്രണമില്ലാതെ പരീക്ഷ നടത്തുന്നതെന്ന ആരോപണം അദ്ധ്യാപകർക്കിടയിൽ ഉയർന്നിട്ടുണ്ട്.

'പൊതു പരീക്ഷകളെ പ്രഹസനമാക്കുന്ന നടപടി വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണ്. ഇത് പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത തകർക്കും. ഈ തീരുമാനം പിൻവലിക്കണം.'

-എം.രാധാകൃഷ്ണൻ, പ്രസിഡന്റ്

ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ