കൊച്ചി: കാലാവസ്ഥാ വ്യതിയാനം കാരണം നാടും നഗരവും ഒരുപോലെ വെന്തുരുകുന്നു. കൃഷിയെ പോലെ തന്നെ നഗരത്തെയും ചൂട് ഉണക്കി തുടങ്ങി .ജനുവരി തുടങ്ങിയപ്പോഴേക്കും ചൂടു കൂടിയതോടെ ജനം ആശ്വാസം തേടി അലയുകയാണ്. സ്കൂളുകളിലും നിർമാണ മേഖലകളിലുമുള്ളവർ അനുഭവിക്കുന്ന കൊടും ചൂടിനു പരിഹാരമില്ലാത്ത അവസ്ഥയാണ്. വേനലായതോടെ നഗരത്തിൽ തണ്ണിമത്തന് ആവശ്യക്കാർ ഏറിവരികയാണ്.
# തണ്ണിമത്തന് ഇനി നല്ലകാലം
മൊത്ത വിപണിയിൽ കിലോക്ക് 15 രൂപ വരെയും
ചില്ലറ വിപണിയിൽ 20– 25 രൂപ വരെ
# ചൂടുപിടിച്ച് പഴം വിപണി
ചൂടിൽനിന്ന് ആശ്വാസം തേടി കൂടുതൽപേരും അഭയം തേടുന്നത് തണ്ണിമത്തനിലാണ്. തണ്ണിമത്തനുൾപ്പെടെ പഴങ്ങളുടെ വില്പന വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. കർണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നും പഴങ്ങൾ കൂടുതലായി എത്തുന്നുണ്ട്. ഇളനീർ വില്പനയിലും കാര്യമായ വർധനവുണ്ട്.
# ജല കിയോസ്കുകൾ - വാഗ്ദാനം മാത്രം
കുപ്പിവെള്ളം വാങ്ങാൻ കഴിയാത്തവർക്കു ശുദ്ധജലം ലഭ്യമാക്കാൻ സർക്കാർ ഒരിടത്തും സൗകര്യമൊരുക്കിയിട്ടില്ല.
കുപ്പിവെള്ളം വാങ്ങി ദാഹം മാറ്റാനാവാത്ത വലിയൊരു വിഭാഗത്തിന് കുടിവെള്ള സൗകര്യം ഒരുക്കാൻ ജലകിയോസ്ക്കുകൾ സ്ഥാപിക്കുമെന്ന സർക്കാർ വാഗ്ദാനം ഇനിയും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല
തണ്ണിമത്തൻ ജ്യൂസ്
തണ്ണിമത്തനേക്കാൾ തണ്ണിമത്തൻ ജ്യൂസ് പ്രേമികളുടെ എണ്ണവും കൂടുതലാണ്. നഗത്തിലെ പോലെ യാത്രക്കാർക്ക് ചൂടിൽ നിന്നുള്ള ശമനമായിരിക്കുകയാണ് തണ്ണിമത്തൻ ജ്യൂസ്. ചൂട് കൂടിയിട്ടും സീസൺ ആയതിനാൽ തണ്ണിമത്തൻ വില കൂടാത്തത് ജനങ്ങൾക്ക് ആശ്വാസമേകുകയാണ്. ജ്യൂസ് കടകളിലെന്ന പോലെ വഴിയോര കച്ചവടക്കാരും ജ്യൂസ് വിപണനത്തിൽ പൊടി പൊടിക്കുന്നുണ്ട്.
# ആപ്പിൾ വിലകുത്തനെ കൂടി
കഴിഞ്ഞ വർഷം 100 രൂപയുണ്ടായിരുന്ന ഡൽഹി ആപ്പിളിന് ഇത്തവണ 165 രൂപയാണു മൊത്ത വിപണിയിലെ വില. യുഎസ് ആപ്പിളിനാകട്ടെ മുൻ വർഷത്തേക്കാൾ 20 രൂപ വരെ കൂടി കിലോഗ്രാമിന് 185 രൂപയിലെത്തി. വില കൂടിയെങ്കിലും ആവശ്യക്കാരുടെ എണ്ണത്തിലും വർധനവുണ്ടെന്നു കച്ചവടക്കാർ പറയുന്നു. ഓറഞ്ച് വില വിലയിൽ മാറ്റമില്ലെങ്കിലും വില ഉയർന്നേക്കാം .ഇപ്പോൾ 50- 55 രൂപയാണ്.