കൊച്ചി: ഒറ്റയിടിയിൽ തരിപ്പണമായി 'ഫ്രീ' യാത്ര!! ഇനി ഡ്യൂട്ടിയുമായി ബന്ധപ്പെട്ടുള്ള ട്രെയിൻ യാത്രകളിൽ പൊലീസ് ഏമാന്മാർ യാത്രാ വാറണ്ടിന്റെ പകർപ്പും ഒപ്പമുള്ള കുറ്റവാളിയുടെ ടിക്കറ്റും കൈയിൽ കരുതിയേ തീരൂ. അല്ലെങ്കിൽ, സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി ഫൈൻ അടപ്പിക്കും. ജനശതാബ്ദി ട്രെയിനിൽ മതിയായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും ഇത് ചോദ്യം ചെയ്ത ടി.ടി.ഇയെ കഴിഞ്ഞദിവസം ഇടിച്ച് പഞ്ചറാക്കുകയും ചെയ്തത് റെയിൽവേ ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചു. ടി.ടി.ഇയുടെ പരിശോധനയ്ക്ക് പുറമെ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടുന്നതിനായി കഴിഞ്ഞ ദിവസം റെയിൽവേ സ്‌പെഷ്യൽ ടീമിനെയും രൂപീകരിച്ചു.
ബന്ധപ്പെട്ട ജയിലിൽ നിന്നും ലഭിക്കുന്ന ട്രെയിൻ വാറണ്ട് നൽകി ടിക്കറ്റ് എടുത്താൽ മാത്രമെ പൊലീസുകാർക്ക് കുറ്റവാളികളുമായി ട്രെയിനിൽ യാത്ര ചെയ്യാൻ അനുമതി ലഭിക്കൂ എന്നാണ് ചട്ടം. എന്നാൽ, സമയക്കുറവ് മൂലവും മറ്റും പൊലീസ് ഉദ്യോഗസ്ഥർ ട്രെയിൻ വാറണ്ട് സമർപ്പിച്ച് ടിക്കറ്റ് എടുക്കുന്നത് നന്നേ ചുരുക്കമാണ്. മതിയായ രേഖകളില്ലാതെ യൂണിഫോമിന്റെ പവറിലായിരുന്നു യാത്ര അത്രയും. എന്നാൽ, ഇടി വിവാദമായതോടെ പൊലീസ് യാത്രകൾ കർശമായി പരിശോധിക്കാനും നിരീക്ഷിക്കാനുമാണ് റെയിൽവേ സ്‌പെഷ്യൽ ടീമിന്റെ നിയോഗിച്ചിരിക്കുന്നത്.
ഇടിക്കേസ് അന്വേഷണം മന്ദഗതിയിൽ
ജനശതാബ്ദി ട്രെയിനിൽ ടി.ടി.ഇയെ പൊലീസുകാർ ചേർന്ന് മർദ്ദിച്ച കേസിൽ റെയിൽവേ പൊലീസ് അന്വേഷണം ഇഴയുന്നതായി ആക്ഷേപമുണ്ട്. മർദ്ദനമേറ്റെന്ന് കാട്ടി ടി.ടി.ഇയും പൊലീസ് ഉദ്യോഗസ്ഥരും റെയിൽവേ പൊലീസിനും പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസുകാർ മജിസ്‌ട്രേറ്റിന് മുന്നിൽ പ്രത്യേക പരാതി നൽകി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ഷൊർണൂർ ഡിവിഷൻ സി.ഐ ആണ് നടത്തുന്നത്.
ഡിസംബർ 19ന് രാവിലെ ചാലക്കുടിയിൽ വച്ചായിരുന്നു സംഭവം നടന്നത്. ടി.ടി.ഇ സത്യേന്ദ്ര കുമാർ മീണയ്ക്കാണ് മർദ്ദമേറ്റത്. തൃശൂർ എ.ആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർമാരായ രണ്ടുപേർ ചേർന്ന് മർദ്ദിച്ചു എന്നാണ് പരാതി. തൃശൂരിൽ നിന്ന് പ്രതികളുമായി കയറിയ പൊലീസുകാരുടെ പക്കൽ റിസർവേഷൻ ടിക്കറ്റുണ്ടായിരുന്നില്ല. 2 ജനറൽ ടിക്കറ്റുകളാണ് ഉണ്ടായിരുന്നത്. ജനറൽ ടിക്കറ്റുമായി ജനശതാബ്ദിയിൽ യാത്ര ചെയ്യാൻ കഴിയില്ലെന്നും പിഴ ഈടാക്കുമെന്നും അറിയിച്ചതോടെ ടി.ടി.ഇയെ കൈയേറ്റം ചെയ്യാനും കൈയിലുണ്ടായിരുന്ന 'എക്‌സസ് ഫെയർ' രസീത് ബുക്കും തിരിച്ചറിയൽ കാർഡും കൈക്കലാക്കാനും പൊലീസുകാർ ശ്രമിച്ചു. രസീത് ബുക്കും തിരിച്ചറിയൽ കാർഡും പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടയിൽ പൊലീസുകാർ ടൈയിൽ പിടിച്ചു വലിക്കുകയും കഴുത്തിലും നെഞ്ചിലും ഇടിക്കുകയും ചെയ്‌തെന്നും യാത്രക്കാരാണ് തന്നെ രക്ഷിച്ചതെന്നും സത്യേന്ദ്ര കുമാർ മൊഴി നൽകിയിട്ടുണ്ട്.
''
മജിസ്ട്രേറ്റിന്റെ റിപ്പോർട്ട് ലഭിച്ചാൽ ടി.ടി.ഇയെയും പൊലീസ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ഇതിനുശേഷം യാത്രക്കാരിൽ നിന്നും മൊഴി എടുക്കും. തുടർന്ന് ഇവ പരിശോധിച്ച ശേഷം കുറ്റപത്രം നൽകും.
സി.ഐ, റെയിൽവേ പൊലീസ്, ഷൊർണൂർ