കൊച്ചി: പാർട്ടിയെ വെല്ലുവിളിച്ച് സ്ഥിരംസമിതി അദ്ധ്യക്ഷ സ്ഥാനത്തു തുടരുന്ന ഗ്രേസി ജോസഫിനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ ജില്ല കോൺഗ്രസ് നേതൃത്വം തയ്യാറെടുക്കുന്നു. രണ്ടു ദിവസത്തിനുള്ളിൽ സ്ഥാനം രാജി വച്ചില്ലെങ്കിൽ ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് തീരുമാനം. തുടർന്ന് അവിശ്വാസ പ്രമേയത്തിലൂടെ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റും. മുതിർന്ന നേതാക്കളുടെ ഈ ആവശ്യത്തിന് ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ് എം.എൽ.എ സമ്മതം മൂളിയിട്ടുണ്ട്.
ഗ്രേസിയുടെ രാജി നീളുന്നതിന് കാരണക്കാരൻ മുൻ എം.പി. കെ.വി.തോമസാണെന്ന് എതിരാളികൾ കുറ്റപ്പെടുത്തുന്നു. മാഷിന്റെ പിന്തുണയാണ് പാർട്ടിയെ ധിക്കരിക്കാൻ അദ്ധ്യക്ഷയ്ക്ക് ധൈര്യം നൽകുന്നത്. നവംബർ 23നകം രാജിവയ്ക്കണമെന്ന നിർദേശം അനുസരിച്ചില്ലെന്നു മാത്രമല്ല ജില്ലാ നേതൃത്വവുമായി ആശയവിനിമയം നടത്താൻ പോലും അവർ ഇതുവരെ തയാറായിട്ടില്ല .
കെ.വി. തോമസ് പക്ഷക്കാരിയായതിനാൽ ഗ്രൂപ്പ് നേതാക്കൾക്ക് ഇടപെടാനാകില്ല. രാജിവയ്ക്കണമെന്ന നിർദേശം പാടേ അവഗണിച്ചിരിക്കുകയാണ് ഗ്രേസി. ഇത് പാർട്ടിയിൽ തെറ്റായ സന്ദേശം നൽകുമെന്നും ഗ്രേസിക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഒരു മുതിർന്ന നേതാവ് പറഞ്ഞു .
# മേയർ മാറ്റം: അനിശ്ചിതത്വം തുടരുന്നു
മേയർ മാറ്റവുമായി ബന്ധപ്പെട്ട് കെ.പി.സി.സി തീരുമാനം നീളുന്നു. ഇന്നലെ നടന്ന യു.ഡി.എഫ് ഏകോപന സമിതി യോഗത്തിൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷ തെറ്റിയതോടെ കൗൺസിലർമാർ ആകെ നിരാശയിലാണ്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കളെല്ലാം സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇക്കാര്യം ചർച്ചയായില്ല.
# മിണ്ടാട്ടമില്ലാതെ നേതൃത്വം
സൗമിനി ജെയിനെ മാറ്റുന്ന കാര്യത്തിൽ പാർട്ടി നേതൃത്വത്തിനിടയിൽ വിഭിന്ന അഭിപ്രായം നിൽക്കുന്നതിനാൽ ഉറച്ചൊരു തീരുമാനമെടുക്കാൻ കെ.പി.സി.സി പ്രസിഡന്റിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ള ഗ്രൂപ്പ് നേതൃത്വം മേയർ മാറണമെന്ന പക്ഷക്കാരാണ്. യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പിയും വി.ഡി. സതീശൻ എം.എൽ.എയും ഇതേ ആവശ്യം ഉന്നയിക്കുന്നു. പക്ഷെ ഗ്രൂപ്പിൽപ്പെടാതെ നിൽക്കുന്ന വി.എം. സുധീരനും കെ.വി. തോമസും മേയറെ മാറ്റരുതെന്ന ശക്തമായ നിലപാടിലാണ്.
ജില്ലയിൽ നിന്നുള്ള എ,ഐ ഗ്രൂപ്പ് നേതാക്കൾക്കിടയിൽ മേയർ മാറണമെന്ന ശക്തമായ വികാരമാണുള്ളത്. ജില്ല നേതൃത്വം ഒറ്റക്കെട്ടായി ആവശ്യം ഉന്നയിക്കുമ്പോൾ എതിർത്തൊരു തീരുമാനം കൈക്കൊള്ളാൻ മുല്ലപ്പള്ളിക്ക് കഴിയില്ലെന്ന പ്രതീക്ഷയിലാണ് മേയറുടെ എതിരാളികൾ മുന്നോട്ടു നീങ്ങുന്നത്.