water
ഇടമലയാർ ജലസേചന പദ്ധതിയിൽ എം.സി റോഡിന് കുറുകെ നിർമ്മിച്ച പുഷ്ത്രൂ ടണലിന്റെ വടക്കുഭാഗം

# ചെലവഴിച്ചത് ഏഴര കോടി രൂപ

നെടുമ്പാശേരി: നാലരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ഇടമലയാർ പദ്ധതിയിൽ നിന്നുള്ള വെള്ളം നെടുമ്പാശേരിയിലേയ്ക്ക് എത്തും. അങ്കമാലി എം.സി റോഡിന് കുറുകെ പുഷ് ത്രൂ ടണൽ സ്ഥാപിച്ചാണ് ഇടമലയാറിൽ നിന്നുള്ള വെള്ളം ജോസ്‌പുരം വഴി നെടുമ്പാശേരിയിലെത്തിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം 10ന് വൈകിട്ട് മൂന്നിന് ഒലിയം കപ്പേളയ്ക്ക് സമീപം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. സംസ്ഥാന ജലസേചന വകുപ്പിന്റെ പദ്ധതികളിൽ ആദ്യമായാണ് പുഷ് ത്രൂ ടണൽ സ്ഥാപിക്കുന്നത്. നിർമ്മിച്ചുവച്ച കോൺക്രീറ്റ് ടണൽ ഭൂമി തുരന്ന് സ്ഥാപിക്കുന്ന നിർമ്മാണ ജോലികൾ നേരത്തെ പൂർത്തിയായിരുന്നു. ഏറെ തിരക്കേറിയ എം.സി റോഡിൽ ഗതാഗത തടസം ഉണ്ടാക്കാതെയാണ് 60 മീറ്റർ നീളത്തിലുള്ള ടണൽ ഭൂമി തുരന്ന് സ്ഥാപിച്ചത്. വാപ്പാലശേരി പുഞ്ചപ്പാടം വരെയുള്ള കനാലിലൂടെ ഒഴുകിയെത്തുന്ന വെള്ളം കയറ്റുകുഴി പുഞ്ചത്തോട്ടിലൂടെ പത്തായത്തോടുവഴി തോട്ടിലൂടെ ഒഴുകും. വേതുചിറ വഴി അങ്കമാലി മാഞ്ഞാലി തോട്ടിലെത്തുന്നതിനാൽ ഈ തോടിനെ ആശ്രയിച്ചു ജലസേചനം നടത്തുന്ന നിരവധി ലിഫ്റ്റ് ഇറിഗേഷനുകൾ മുടങ്ങാതെ പ്രവർത്തിക്കും.

# പദ്ധതിക്ക് 7.5 കോടി

നെടുമ്പാശേരി പഞ്ചായത്തിലെ പകുതിയിലധികം വാർഡുകൾക്ക് പ്രയോജനപ്പെടുന്ന പദ്ധതിക്ക് ജീവൻ വച്ചത് അടുത്തകാലത്താണ്. നെടുമ്പാശേരി ഗ്രാമപഞ്ചായത്തും കർഷക സംഘടനകളും പദ്ധതി യാഥാർത്ഥ്യമാക്കാൻ രംഗത്തുണ്ടായിരുന്നു. എം.സി റോഡിന് കുറുകെ ടണൽ നിർമ്മാണത്തിന് അഞ്ച് കോടിയും വാപ്പാലശേരിയിൽ റെയിലിനു കുറുകെയുള്ള നിർമ്മാണത്തിന് 2.5 കോടി രൂപയും സർക്കാർ അനുവദിച്ചു. കയറ്റുകുഴി പുഞ്ചതോടിനു സമീപം അക്വഡേറ്റർ കവാടത്തിൽ ഷട്ടർ സ്ഥാപിച്ചാണ് വെള്ളം തോട്ടിലേയ്ക്ക് ഒഴുക്കുന്നത്.

# സർക്കാരിന് നന്ദി

നെടുമ്പാശേരി പഞ്ചായത്ത് നിവാസികളുടെ ചിരകാല ആവശ്യമായ ഇടമലയാർ പദ്ധതിയിൽ നിന്നുള്ള ജലം പഞ്ചായത്ത് പ്രദേശത്ത് എത്തിക്കുന്നതിന് നടപടി സ്വീകരിച്ച സർക്കാരിനും ജലസേചനവകുപ്പിനും പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോയും, വൈസ് പ്രസിഡന്റ് പി.സി സോമശേഖരനും നന്ദി അറിയിച്ചു.