കൊച്ചി: ലോക കേരളസഭ ബഹിഷ്‌കരണം യു.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും അത് അട്ടിമറിക്കാൻ ആരും നോക്കേണ്ടതില്ലെന്നും കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു. ബഹിഷ്‌കരണം പൂർണമായും ശരിയാണെന്ന് യു.ഡി.എഫ് യോഗം വിലയിരുത്തി. മുഖ്യമന്ത്രിക്ക് പ്രഖ്യാപനങ്ങൾ നടത്താൻ മാത്രമാണ് ലോക കേരളസഭ ചേരുന്നത്. കഴിഞ്ഞ സമ്മേളനത്തിലെ പ്രഖ്യാപനങ്ങളൊന്നും നടപ്പാക്കിയിട്ടില്ല.
നടപ്പാക്കിയിട്ടില്ലാത്ത പതിനാറ് പ്രഖ്യാപനങ്ങളുടെ പട്ടികയും, വിദേശ സന്ദർശന ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും നടപ്പാക്കാത്ത പദ്ധതികളുടെ പട്ടികയും യു.ഡി.എഫ് പുറത്തു വിട്ടു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും കോടികൾ ധൂർത്തടിച്ച് ഒരു പ്രയോജനവുമില്ലാതെ നടത്തുന്ന സമ്മേളനവുമായി സഹകരിക്കാനാവില്ലെന്ന് ബെന്നി ബഹനാൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ. മുനീർ, ജോണി നെല്ലൂർ, ഷിബു ബേബിജോൺ, സി.പി. ജോൺ, ജി. ദേവരാജൻ, വി. റാംമോഹൻ, മോൻസ് ജോസഫ്, സി.എഫ്. തോമസ്, ജോയ് എബ്രഹാം, ജോസ് കെ. മാണി, റോഷി അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.