കാലടി: കെ.എസ്.ഇ ബി ഓഫീസിന് മുന്നിൽ വെച്ച് ഒരു ബാഗ് കാറിൽ നിന്ന് താഴെവീഴുന്നത് ഓട്ടോഡ്രൈവറായ കാലടി സ്വദേശി ഡേവിസ് പോരോത്താൻ കണ്ടു. ഉടനെ ബാഗുമെടുത്ത് കാറിനെ പിന്തുടർന്നെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്ന് തന്റെ ഓട്ടോയുമായി കാലടി സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനായ അഭിലാഷിനെ ബാഗ് ഏൽപ്പിച്ചു. ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ അതിൽ ഒരുലക്ഷത്തോളം രൂപയുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ബാഗിലുണ്ടായിരുന്ന ഫോൺ നമ്പരിൽ പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് ഉടമ ബാഗ് നഷ്ടപ്പെട്ട വിവരം പോലും അറിയുന്നത്.
തൃശൂർ ഒല്ലൂക്കര സ്വദേശി തിരുവാണിക്കാവ് പ്രാർത്ഥനാവീട്ടിൽ പി. രാജന്റേതായിരുന്നു പണമടങ്ങിയ ബാഗ്. വിവാഹം ക്ഷണിക്കുന്നതിന് കാലടിയിലെത്തിയതാണ് കാറിലുണ്ടായിരുന്നവർ. രാജൻ സ്റ്റേഷനിലെത്തി ബാഗും പണവും തിരികെ വാങ്ങി ഡേവിസിനോടും പൊലീസുകാരോടും നന്ദി പറഞ്ഞു. ഡേവിസിന് പാരിതോഷികം കൊടുക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം സ്നേഹപൂർവ്വം നിരസിച്ചു. കാലടി - പെരുമ്പാവൂർ റൂട്ടിലെ സ്റ്റാൻഡിലെ തൊഴിലാളിയാണ് ഡേവിസ്.