കോലഞ്ചേരി: വേനൽക്കാലം എത്തുന്നതിനു മുമ്പെ ഇന്ദ്രാൻചിറ വറ്റി വരണ്ടു. എട്ട് ഏക്കറോളം വരുന്ന ജില്ലയിലെ തന്നെ ഏറ്റവും വലിയ ജലസ്രോതസും പ്രമുഖ ടൂറിസം കേന്ദ്രവുമായ ഇന്ദ്രാൻചിറയാണ് വെള്ളമില്ലാത വരണ്ടുണങ്ങിയത്. കാലവ്യത്യാസമില്ലാതെ ധാരാളം വെള്ളം നിറഞ്ഞുനിന്നിരുന്ന ചിറ വറ്റിവരണ്ടത് നട്ടിൽ ആശങ്കയുണർത്തിയിട്ടുണ്ട്. ജലഅതോററ്റിയുടെ കുടിവെള്ളം പമ്പ് ചെയ്യുന്നത് ചിറയോട് ചേർന്നുള്ള പമ്പ് ഹൗസിൽ നിന്നുമാണ്.ചിറയിൽ വെള്ളം ഇല്ലാതെ വന്നാൽ കോലഞ്ചേരിയുടെ സമീപ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകും.ചിറയിലേക്കുള്ള ഉറവകൾ വറ്റി വരണ്ടതും പെരിയാർ വാലി കനലിലൂടെയുള്ള ജലവിതരണം എത്താത്തതുമാണ് ചിറ വറ്റിവരളുവാൻ കാരണമെന്നാണ് വിലയിരുത്തൽ .ഇന്ദ്രാൻചിറ ടൂറിസം പദ്ധതി നേരത്തേ തന്നെ അവതാളത്തിലാണ്. ചിറയിൽ ആവശ്യത്തിന് വെള്ളമില്ലാത്തതും പദ്ധതിക്ക് തടസമായിരുന്നു.ധാരാളം മത്സ്യസമ്പത്തും ചിറയിൽ ഉണ്ട്. ചിറയിലേയ്ക്കുള്ള കൈത്തോടുകളും മറ്റു ജലസ്രോതസുകളും കാലാന്തരത്താൽ ഇല്ലാതായിട്ടുണ്ട്. വേനൽ കടുക്കാൻ ഇനിയും മാസങ്ങൾ ബാക്കിനിൽക്കെ ചെറുതോടുകളും മറ്റും വൃത്തിയാക്കി ചിറയിലേക്ക് തുറന്നുകൊടുക്കുകയും ജലലഭ്യത ഉറപ്പുവരുത്താനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇന്ദ്രാൻ ചിറ എന്നാൽ
സംസ്ഥാന വിനോദ സഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ച ശുദ്ധജല തടാകമാണ് ഇന്ദ്രാൻചിറ
എറണാകുളം നഗരത്തോട് അടുത്ത് കിടക്കുന്ന തടാകം വൻ ടൂറിസം സാദ്ധ്യതയാണ് തുറന്നിടുന്നത്
എട്ട് ഏക്കറിലധികം വിസ്തൃതിയുണ്ടായിരുന്ന പ്രദേശം കൈയേറ്റങ്ങളെ തുടർന്ന് ആറേക്കറായി ചുരുങ്ങി
കടുത്ത വേനലിലും ജലസമൃദ്ധമായിരുന്നു
വിനോദ സഞ്ചാരികൾക്ക് ഇടത്താവളം
ചിറയിലെത്തുവർക്ക് വിനോദങ്ങൾക്കായി കുടുംബസമേതം കൊട്ടവഞ്ചിയാത്ര, സാഹസികത ഇഷ്ടപ്പെടുന്നവർക്കകായി വാട്ടർ റോപ്പിംഗ്, വിശ്രമിക്കാൻ വൻമരങ്ങൾക്കിടയിൽ ഇരുനില ഹട്ടുകൾ, ബെഞ്ചുകൾ, ചൂണ്ടയിട്ടും വലയെറിഞ്ഞും മീൻപിടിക്കാനുള്ള സൗകര്യം, കുട്ടികൾക്കായി കളി ഉപകരണങ്ങൾ നിറഞ്ഞ പാർക്ക്,തുഴച്ചിലുകാർക്കായി കയാക്കിംഗ്, നീന്തൽ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
പഞ്ചായത്തിന് ഫണ്ട് മുടക്കാൻ കഴിയില്ല
പെരിയാർ വാലി കനാൽ വെള്ളമെത്തുന്നതോടെ വറ്റി വരണ്ട ചിറയിൽ ജല സമൃദ്ധമാകും. ഇതോടെ ചിറയുടെ താത്കാലികമായി നഷ്ടപ്പെട്ട പ്രതാപം തിരിച്ചെത്തും.നവീകരണത്തിന് ഡി.ടി.പി.സി യാണ് തുക ചിലവഴിക്കേണ്ടത്. ഡി.ടി.പി.സി ഏറ്റെടുത്തതിനാൽ പഞ്ചായത്തിന് നവീകരണത്തിന് ഫണ്ട് മുടക്കാൻ കഴിയില്ല.
കെ.എ രാജു, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ്