കൊച്ചി: റസിഡന്റ്‌സ് അസോസിയേഷൻ പ്രവർത്തകർക്കായി എറണാകുളം ഡിസ്ട്രിക്ട് റസിഡന്റ്‌സ് അസോസിയേഷൻസ് അപക്‌സ് കൗൺസിൽ (എഡ്രാക്) സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ ശില്പശാല എറണാകുളം മുനിസിപ്പൽ ടൗൺ ഹാളിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ ലഹരിയുടെ ഉപയോഗം കൂടുന്നതായും അതിനെതിരേ ആവശ്യമായ അവബോധം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സംസരിച്ചു.
എഡ്രാക് പ്രസിഡന്റ് പി. രംഗദാസപ്രഭു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ്, സംസ്ഥാന എക്‌സൈസ് വകുപ്പ്, ജില്ലാ ഭരണകൂടം, നാഷണൽ ഹെൽത്ത് മിഷൻ, ജില്ലാ പുകയില നിയന്ത്രണ സമിതി, കേരള വൊളന്ററി ഹെൽത്ത് സർവീസ് എന്നിവരുടെ സഹകരണത്തോടെയാണ് ശില്പപശാല സംഘടിപ്പിച്ചത്. എറണാകുളം ഡപ്യൂട്ടി ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ ഡോ. കെ. സവിത, കേരള വൊളന്ററി ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സാജു വി. ഇട്ടി, എഡ്രാക് ജനറൽ സെക്രട്ടറി എം.ടി. വർഗീസ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു.