കൊച്ചി: വാളയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട സഹോദരിമാരായ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഫോറം കൂട്ടായ്മ നടത്തുന്ന 'വാളയാർ നീതിയാത്ര' ശനിയാഴ്ച ഹൈക്കോടതി ജംഗ്ഷനിൽ നിന്നാരംഭിക്കും. പദയാത്ര 22ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
ഡിവൈ.എസ്.പി സോജൻ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കുറ്റപത്രം തയ്യാറാക്കി തടവിലിടുക, കോടതിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിച്ച് കൊലയാളികളെ ശിക്ഷിക്കുക, കേസിൽ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥന്മാരെ ജയിലിലടക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പദയാത്ര.
വൈകിട്ട് നാലിന് കച്ചേരിപ്പടി ഗാന്ധി പ്രതിമക്കു മുന്നിൽ നിന്ന് ഹൈക്കോടതി ജംഗ്ഷൻ വരെയുള്ള നീതിയാത്ര ഉദ്ഘാടന ജാഥയിൽ പ്രഫുല്ല സാമന്ത്ര, കെ.എം സലീംകുമാർ, സാറ ജോസഫ്, എം.എൻ കാരശേരി, ജസ്റ്റിസ് ഷംസുദ്ദീൻ, സണ്ണി എം കപിക്കാട്, പ്രൊഫ.കെ അരവിന്ദാക്ഷൻ, അഡ്വ.ജയശങ്കർ, അഡ്വ.ഹരീഷ് വാസുദേവൻ, ഹാഷിം ചേന്ദാമ്പിള്ളി, സി.ആർ നീലകണ്ഠൻ, ഫാ.അഗസ്റ്റിൻ വട്ടോലി തുടങ്ങിയവർ പങ്കെടുക്കും.
പദയാത്രയുടെ വിവിധ കേന്ദ്രങ്ങളിലെ സമാപന യോഗങ്ങളിൽ ജസ്റ്റിസ് കെമാൽ പാഷ, മേധാപട്കർ, പെരുമാൾ മുരുകൻ എന്നിവർ പങ്കെടുക്കും. വി.എം. മാർസൻ, അഡ്വ. ഭദ്രകുമാരി, കെ.സി രാജേന്ദ്രൻ, നിപുൻ ചെറിയാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.