paiprakavala
തിരക്കേറി പായിപ്ര കവല

മൂവാറ്റുപുഴ: പായിപ്ര കവലയിലെ അപകടങ്ങളും ഗതാഗതക്കുരുക്കും ജനജീവിതത്തെ ദുരിതത്തിലാക്കുന്നു. ഈ ദുരിതത്തിന് എന്ന് അറുതി വരുമെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ തുടരുകയാണ് . നഗരസമാനമായ തിരക്കാണ് എം.സി. റോഡിലെ പായിപ്ര കവലയിലേത് . തിരക്കേറിയ എം.സി. റോഡിലേക്ക് നെല്ലിക്കുഴി- പായിപ്ര റോഡ് വന്നു ചേരുന്നതിനാൽ വാഹനങ്ങളുടെ കുത്തൊഴുക്കാണ് ഈ ജംഗ്ഷനിലുള്ളത്. പായിപ്ര പ‌ഞ്ചായത്തിന്റെ ആസ്ഥാനം കൂടിയായ കവല വ്യവസായ കേന്ദ്രം കൂടിയാണ്. കവലയിലെ തിരക്കും അപകടങ്ങളും ഒഴിവാക്കുന്നതിനായി തയ്യാറാക്കിയ ഗതാഗത പരിഷ്ക്കാരങ്ങൾ കടലാസിൽ ഒതുങ്ങിയതോടെ ഗതാഗതകുരുക്ക് രൂക്ഷമായി .

പരിഷ്ക്കാരം കൊണ്ട് വന്നിട്ട് നാല് വർഷം

നാലു വർഷം മുമ്പ് ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന പരിഷ്ക്കാരങ്ങൾ നടപ്പാക്കാതെ വന്നതോടെ ഗതാഗതക്കുരുക്കിൽ കവല വീർപ്പുമുട്ടുകയാണ്. എം.സി റോഡിലെ ഏറ്റവും തിരക്കേറിയ പായിപ്ര കവലയിൽ ഗതാഗത പരിഷ്ക്കാരം നടപ്പാക്കാൻ വർഷങ്ങൾ പിന്നിട്ടിട്ടും പഞ്ചായത്ത് കമ്മിറ്റിക്കായില്ല. ഗതാഗതപ്രശ്നങ്ങൾ രൂക്ഷമായതോടെ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന ഗതാഗത ഉപദേശക സമിതിയാണ് അടിയന്തിരമായ പരിഷ്ക്കാരങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചത്. ഇതിനെതിരെയുള്ള എതിർപ്പുകൾക്ക് മുന്നിൽ മുട്ടുമടക്കി പദ്ധതി ഫ്രീസറിൽ വച്ചിരിക്കുകയാണ് അധികൃതർ .

തീരുമാനങ്ങൾ നടപ്പിലായില്ല

പരിഷ്ക്കാരങ്ങൾ നടപ്പാക്കുന്നില്ലെന്ന വിമർശനമുയർന്നതോടെ വീണ്ടും മൂന്ന് യോഗങ്ങൾ ചേർന്നങ്കിലും നടപടി ഉണ്ടായിട്ടില്ല. കവലയിലെ അനധികൃത പാർക്കിംഗ്‌ തടയുന്നതിനു പുറമെ ബസ് സ്റ്റോപ്പുകൾമാറ്റി സ്ഥാപിക്കുന്നതിനും, പായിപ്ര റോഡിൽ നിന്നും എം.സി.റോഡിലേക്ക് വരുന്ന ബസുകൾ ഒഴികെയുളള ഭാരവണ്ടികൾ ബാസ്പ് റോഡ് വഴി എം.സി.റോഡിലെത്തി പോകുന്നതിനും തീരുമാനമെടുത്തിരുന്നു. ഇതിനു പുറമെ വണ്ടി പേട്ട സ്ഥാപിച്ച് ലോറികൾ അടക്കമുള്ള വാഹനങ്ങൾ മാറ്റി സ്ഥാപിക്കുമെന്ന തീരുമാനവും പൊടിപിടിച്ച് കിടപ്പാണ് .

ശ്രമങ്ങളൊന്നും ഫലം കണ്ടില്ല

മൂവാറ്റുപുഴ - പെരുമ്പാവൂർ എം.സി റോഡിൽ ഏറ്റവും തിരക്കേറിയ പ്രദേശമായ ഇവിടെ നൂറു കണക്കിന് വ്യാപാര സ്ഥാപനങ്ങളും, ആരാധനാലയങ്ങളും, സ്ക്കൂളുകളും, മദ്രസയുമൊക്കെയുള്ള കവലയിൽ ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യസംഭവമാണ് . ഇത് പരിഹരിക്കാനാണ് ഗതാഗത പരിഷ്ക്കരണം നടപ്പാക്കണമെന്ന ആവശ്യം ഉയർന്നത് . നിരവധി വട്ടം ചർച്ചചെയ്തും പഠനം നടത്തിയുമെടുത്ത ഗതാഗത പരിഷ്ക്കരണം നടപ്പാക്കാൻ ശ്രമിച്ചെങ്കിലും പല വിധ സമ്മർദ്ദത്താൽ നടന്നിട്ടില്ല. നാല് വർഷം മുമ്പ് തയ്യാറാക്കിയഗതാഗത പഠന റിപ്പോർട്ട് ഇനി എന്നാണ് നടപ്പാക്കി കുരുക്ക് ഒഴിവാക്കുകയെന്ന ചോദ്യമാണ് പൊതുജനത്തിനുള്ളത്.