മൂവാറ്റുപുഴ: തൃക്കളത്തൂർ ചിറയിലെ ജലനിരപ്പ് താഴ്ന്നതോടെ തൃക്കളത്തൂർ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം അവതാളത്തിൽ. ഇതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായി. പായിപ്ര ഗ്രാമപഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതികളിലൊന്നായ തൃക്കളത്തൂർ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനമാണ് ചിറയിലെ ജല നിരപ്പ് താഴ്ന്നതോടെ അവതാളത്തിലായത്. വേനൽ കാലത്ത് പെരിയാർ വാലി കനാലിനെ ആശ്രയിച്ചാണ് തൃക്കളത്തൂർ പമ്പ് ഹൗസിന്റെ പ്രവർത്തനം നടക്കുന്നത്. വാളകം ബ്രാഞ്ച് കനാലിലെ ആറ് കി.മീറ്ററിൽ സ്ഥാപിച്ചിരിക്കുന്ന സുയിസ് വഴിയാണ് ചിറയിൽ വെള്ളമെത്തിക്കുന്നത്. കനാലിൽ വെള്ളം തുറന്ന് വിടാത്തതാണ് ചിറയിലെ ജല നിരപ്പ് താഴാൻ കാരണം. തൃക്കളത്തൂർ കുടിവെള്ള പദ്ധതിയിൽ നിന്നുമാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട ഏഴ് കേന്ദ്രങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ടാങ്കുകളിൽ വെള്ളമെത്തിക്കുന്നത്. പാറ്റായി മുകളുംപുറം, തേരാപ്പാറ വാട്ടർ സപ്ലൈസ്‌ കീം, മൂങ്ങാച്ചാൽ, കാഞ്ഞിരംകുഴി കോളനി, തൃക്കളത്തൂർ മുല്ലശേരിപ്പടി എല്ലൂപൊടി കമ്പനി, കുരുട്ടായി, ചാരപ്പാട്ട് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളമെത്തിച്ചാണ് ജലവിതരണം നടക്കുന്നത്.

കുടിവെള്ളക്ഷാമം രൂക്ഷമാവും

ചിറയിലെ ജല നിരപ്പ് താഴ്ന്നതോടെ തൃക്കളത്തൂർ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം ഭാഗിമായിട്ടാണ് നടക്കുന്നത്. ഇത് ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. കനാൽ വെള്ളം തുറന്ന് വിടാൻ ഇനിയും വൈകിയാൽ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിന് പുറമേ ഏക്കറു കണക്കിന് കൃഷിയേയും ബാധിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.