കോലഞ്ചേരി: കുടിയൻമാർ കാലിക്കുപ്പിയുമായി ബീവറേജസ് ഷോപ്പിലേയ്ക്ക്. നിറ കുപ്പി തരാം കാലി വേണ്ടെന്ന് ജീവനക്കാർ.
കാലിയായ മദ്യക്കുപ്പികൾ ബീവറേജസ് ഷോപ്പിൽ വിറ്റു പണം വാങ്ങാമെന്ന സർക്കാരിന്റെ പ്രഖ്യാപനം കേട്ട പാതി കേൾക്കാത്ത പാതിയാണ് കാലി കുപ്പിയും തൂക്കി കുടിയൻമാരിറങ്ങിയത്.
ഇങ്ങനെയൊരു പ്രഖ്യാപനത്തെക്കുറിച്ച് ജില്ലയിലെ ഷോപ്പുകളിലെ ജീവനക്കാർക്ക് കേട്ടറിവു മാത്രമേയുള്ളു. ജനുവരി ഒന്നു മുതൽ കുപ്പികൾ ശേഖരിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഇതു വരെ ഒരു നിർദേശവും ലഭിച്ചിട്ടില്ല.
ബീവറേജസ് ഷോപ്പുകളിൽ കാലിക്കുപ്പികൾ ശേഖരിക്കാൻ ബിന്നുകൾ സ്ഥാപിക്കാനണത്രെ ഇപ്പോൾ നീക്കം.പണം നൽകില്ല. പണം ലഭിക്കണമെങ്കിൽ, കുപ്പികൾ ക്ലീൻ കേരള കമ്പനിയുടെ ശേഖരണ കേന്ദ്രങ്ങളിൽ നേരിട്ടെത്തിക്കണം. ശേഖരണ കേന്ദ്രങ്ങൾ എവിടെയെല്ലാം തുറക്കണമെന്നു പോലും തീരുമാനമായിട്ടില്ല.
കുപ്പികൾ ശേഖരിക്കാൻ ഹരിതകർമസേനയുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനും പദ്ധതിയുണ്ട് എന്നാൽ അക്കാര്യങ്ങളും ജീവനക്കാരെ അറിയിച്ചിട്ടില്ല.
സംസ്ഥാനത്ത് ഒന്നു മുതൽ നടപ്പിലാക്കിയ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായാണു മദ്യക്കുപ്പികൾ തിരിച്ചെടുക്കാൻ ബീവറേജസ് കോർപറേഷൻ തീരുമാനിച്ചത്.
നിരോധനത്തിന്റെ നിബന്ധനയനുസരിച്ച് പ്ലാസ്റ്റിക് കുപ്പികൾ വിൽക്കുന്നവർ തന്നെ തിരിച്ചെടുക്കണം .ഇതിനായി ക്ലീൻ കേരള കമ്പനിയുമായി കോർപറേഷൻ കഴിഞ്ഞ മാസം ഒപ്പിട്ട കരാർ പ്രകാരം ഒരു കിലോ പ്ളാസ്റ്റിക് കുപ്പിക്ക് 15 രൂപ , ലിറ്റർ കുപ്പി ഒന്നിന് 3 രൂപ ,അര ലിറ്റർ കുപ്പി 2 എണ്ണം,ക്വാർട്ടർ കുപ്പി 3 എണ്ണം കൊടുത്താൽ 3 രൂപ എന്നായിരുന്നു
കരാർ.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷൻ പരിധിക്കുള്ളിൽ നിന്നു ജനുവരി ഒന്നു മുതൽ 3 മാസത്തേക്കു മദ്യക്കുപ്പികൾ ശേഖരിക്കുന്നതിനാണ് കരാർ ഒപ്പിട്ടത്.
ബീവറേജസ് ഔട്ട് ലെറ്റുകളിലും കൺസ്യൂമർ ഫെഡ് ഷോപ്പുകളിലും ക്ലീൻ കേരള കമ്പനി കേന്ദ്രങ്ങളിലും കുപ്പികൾ സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ കുപ്പിയുമായി എത്തിയവർക്കു മുന്നിൽ ജീവനക്കാർ കൈമലർത്തി. അങ്ങനെയൊരു പ്രഖ്യാപനം കേട്ടിട്ടു പോലുമില്ലെന്നാണ് ജീവനക്കാർ പറയുന്നത്.