ആലുവ: ആലുവയിൽ കെ.എസ്.എഫ്.ഇ ചിട്ടിയുടെ മറവിൽ കോടികൾ തട്ടിയ കേസ് പൊലീസിന്റെ സഹായത്തോടെ പലവട്ടം പ്രതികൾ ഒതുക്കിത്തീർക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പരാതിക്കാർ വിട്ടുവീഴ്ച്ചക്ക് തയ്യാറാവാതിരുന്നതിനെ തുടർന്ന് പ്രതികൾ പൊലീസിനെ സ്വാധീനിച്ച് അന്വേഷണം മരവിപ്പിക്കുകയായിരുന്നു.

ഒന്നരവർഷം മുമ്പ് തട്ടിപ്പ് വ്യക്തമായതോടെ സീനത്ത് കവലയിൽ താമസിക്കുന്ന തുപ്പത്തിൽ മോളി ഫ്രാൻസിസ് പരാതി നൽകിയെങ്കിലും കേസെടുത്തത് മൂന്നുമാസം മുമ്പ് ഹൈക്കോടതി ഉത്തരവുവന്ന ശേഷം മാത്രമാണ്. ഇരുപതിലേറെ തവണ മോളി ഫ്രാൻസിസ് പ്രതികൾക്കെതിരെ പരാതിയുമായി ആലുവ പൊലീസ് സ്റ്റേഷൻ കയറിയിറങ്ങി. മോളിയുടെ മകൻ പൊലീസുകാരനായിട്ടുപോലും നീതി ലഭിച്ചില്ലെന്നതാണ് വിരോധാഭാസം. അത്രയേറെ സ്വാധീനമായിരുന്നു പ്രതികൾക്കുണ്ടായിരുന്നത്. ഇതിന്റെ മറവിലാണ് ഒതുക്കിത്തീർക്കാനും ശ്രമം നടത്തിയത്.

5.36 കോടിയുടെ ചിട്ടി തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള കെ.എസ്.എഫ്.ഇ മാനേജർ ആലുവ കീഴ്മാട് സ്വദേശിനി ആമിന മീതിൻകുഞ്ഞ് ഉൾപ്പടെയുള്ളവരും ഒത്തുതീർപ്പുശ്രമം നടത്തിയിരുന്നു. തട്ടിയെടുത്ത പണം അടച്ച് ഈടായി വെച്ച ആധാരം റവന്യൂ റിക്കവറി നടപടികളിൽപ്പെടാതെ ഒഴിവാക്കി തരാമെന്നറിയിച്ചാണ് ഒത്തുതീർപ്പ് ശ്രമങ്ങൽ നടത്തിയത്. പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ ഈ ആവശ്യവുമായി നിരവധിതവണ കെ.എസ്.എഫ്.ഇ. ഉദ്യോഗസ്ഥരും ഏജന്റുമെത്തി. ഒരിക്കൽപോലും പണമടച്ചുവെന്ന് ബുക്കിൽ രേഖപ്പെടുത്താൻ പ്രതികൾ തയ്യാറായില്ല. പണമടയ്ക്കാതായതോടെ ഈട് നൽകിയ സ്ഥലത്തിന്റെ ആധാരം റവന്യൂ റിക്കവറി നടപടികളിലേയ്ക്ക് എത്തുകയായിരുന്നു.
വൻ സാമ്പത്തിക ക്രമക്കേടായതിനാൽ വിശദമായ അന്വേഷണം നടത്തുന്നതിനായി കേസ് വിജിലൻസിന് കൈമാറുമെന്ന് കഴിഞ്ഞദിവസം റൂറൽ എസ്.പി. കെ. കാർത്തിക് അറിയിച്ചിരുന്നു. കേസിൽ ചെറായി ശാഖയിൽ മാനേജരായിരുന്ന ആലുവ കീഴ്മാട് സ്വദേശിനി ആമിന മീതിൻകുഞ്ഞിനെ (58) അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. ക്ലാർക്ക് ഉണ്ണിക്കൃഷ്ണൻ, ഏജൻസി നടത്തുന്ന മുരളി, ഇയാളുടെ സഹായി തോട്ടക്കാട്ടുകര സ്വദേശി സക്കറിയ എന്നിവരാണ് പ്രതിസ്ഥാനത്തുള്ളത്.
വൈക്കം പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ആലുവ തോട്ടയ്ക്കാട്ടുകര സ്വദേശിയുടെ മാതാവിന്റെ പേരിലുള്ള മൂന്ന് സെന്റ് സ്ഥലത്തിന്റെ ആധാരമാണ് പ്രതികൾ കൈക്കലാക്കിയത്. വായ്പയ്ക്ക് വേണ്ടി നൽകിയ ആധാരം 16 ചിട്ടികൾക്ക് ഈടായി നൽകിയാണ് പണം തട്ടിയത്. ചിട്ടിയുടെ തിരിച്ചടവ് കഴിയാറായപ്പോഴാണ് 25 ലക്ഷം രൂപയുടെ കുടിശികയുണ്ടെന്ന് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന് ജപ്തി നോട്ടീസ് ലഭിച്ചത്. ഇതിനെ ചോദ്യം ചെയ്ത് ഇദ്ദേഹം രംഗത്തെത്തിയതോടെയാണ് ആമിനയും മുരളിയും ഒത്തുതീർപ്പുശ്രമം നടത്തിയത്.

വ്യാജ ഒപ്പിടുന്നതിൽ വിദഗ്ദ്ധൻ സക്കറിയ

ചിട്ടിതട്ടിപ്പ് കേസിൽ പ്രതി സ്ഥാനത്തുള്ള ആലുവ തോട്ടക്കാട്ടുകര സ്വദേശി സക്കറിയ വ്യാജ ഒപ്പിടുന്നതിൽ വിദഗ്ദ്ധനാണെന്നാണ് സൂചന. തോട്ടക്കാട്ടുകരയിൽ പൊലീസുകാരന്റെ മാതാവ് മോളിയുടെ പേരിലുള്ള ആധാരം 22 പേരുടെ ചിട്ടിപ്പണത്തിന് ഈടായി നൽകുന്നതിന് കെ.എസ്.എഫ്.ഇയുടെ രേഖകളിൽ ഇയാളാണ് മോളിയുടെ വ്യാജ ഒപ്പ് വച്ചതെന്നാണ് വിവരം. വീടുപണിക്ക് പൊലീസുകാരന് പണം ആവശ്യമായി വന്നപ്പോൾ സക്കറിയ മുഖേനയാണ് മുരളി കെ. അസോസിയേറ്റ്സിലെ മുരളിയെ പരിചയപ്പെട്ടത്. സക്കറിയ ഇടനിലക്കാരനായി നിന്നാണ് പത്തുലക്ഷം രൂപയുടെ ചിട്ടിയിൽ ചേർന്നതും. ദേശീയപാതയിൽ ബേക്കറി ബിസിനസ് നടത്തുന്ന സക്കറിയ സൈഡ് ബിസിനസ് എന്ന നിലയിലാണ് തട്ടിപ്പിൽ പങ്കാളിയായിട്ടുള്ളത്. ഇയാൾ നിരവധി പേരുടെ വ്യാജ ഒപ്പിട്ടിട്ടുണ്ടെന്നാണ് സംശയം.