കൊച്ചി : പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ സർക്കാരിനെ സമീപിക്കാതെ പഞ്ചായത്തംഗത്തിന് നേരിട്ട് കോടതിയിൽ ഹർജി നൽകാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എറണാകുളം ജില്ലയിലെ പൂതൃക്ക ഗ്രാമ പഞ്ചായത്ത് ഐക്കരനാട് വില്ലേജിൽ ഗ്യാസ് ശ്മശാനം നിർമ്മിക്കാൻ തീരുമാനിച്ചതിനെ ചോദ്യം ചെയ്ത് പഞ്ചായത്തംഗം ജോൺ ജോസഫും വടയമ്പാടി പൗരസമിതിയും നൽകിയ അപ്പീൽ തള്ളിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

ഗ്യാസ് ക്രിമിറ്റോറിയം സ്ഥാപിക്കാൻ തീരുമാനിച്ച പഞ്ചായത്ത് ഇതിനായി ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയെങ്കിലും കളക്ടർ അനുമതി നിഷേധിച്ചു. ഇതിനെതിരെ എൻ.വി. കൃഷ്‌ണൻകുട്ടിയെന്ന വ്യക്തി നൽകിയ നിവേദനം പരിഗണിച്ച സർക്കാർ ക്രിമിറ്റോറിയത്തിന് അനുമതി നൽകാൻ കളക്ടർക്ക് നിർദ്ദേശം നൽകി.

ഗ്യാസ് ക്രിമിറ്റോറിയത്തെ എതിർത്തിരുന്ന ഹർജിക്കാർ സർക്കാർ നിർദ്ദേശത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സർക്കാരിന്റെ ഉത്തരവിൽ അപാകതയില്ലെന്ന് ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് ഹർജി തള്ളി. തുടർന്നാണ് അപ്പീൽ നൽകിയത്.

ഗ്യാസ് ശ്മശാനം നിർമ്മിക്കാനുള്ള പഞ്ചായത്തിന്റെ തീരുമാനത്തിനത്തിൽ പഞ്ചായത്തംഗത്തിന് എതിർപ്പുണ്ടെങ്കിൽ പഞ്ചായത്തിരാജ് നിയമപ്രകാരം സർക്കാരിനെ സമീപിക്കുകയാണ് വേണ്ടതെന്നും ഇതിനു പകരം നേരിട്ട് കോടതിയെ സമീപിക്കാൻ കഴിയില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഹർജി നൽകിയ മറ്റൊരു കക്ഷിയായ വടയമ്പാടി പൗരസമിതി രജിസ്ട്രേഷൻ ഉള്ള സംഘടനയല്ല. ആ നിലയ്ക്കും അപ്പീൽ നിലനിൽക്കില്ല. സിംഗിൾ ബെഞ്ചിന്റെ വിധിയിൽ അപാകതയില്ലെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.

 ഗ്യാസ് ക്രിമിറ്റോറിയം

ഐക്കരനാട് വില്ലേജിലെ 30 സെന്റ് സ്ഥലത്താണ് പഞ്ചായത്ത് ക്രിമിറ്റോറിയം നിർമ്മിക്കാൻ നിശ്ചയിച്ചത്. 87 ലക്ഷം രൂപ ചെലവു വരുന്ന ഗ്യാസ് ക്രിമിറ്റോറിയം എം.പി ഫണ്ടും കൊച്ചിൻ റിഫൈനറിയിൽ നിന്നുള്ള സഹായവും ഉപയോഗിച്ചു നിർമ്മിക്കാനായിരുന്നു തീരുമാനം. പഞ്ചായത്ത് നൽകിയ അപേക്ഷ പരിഗണിച്ച കൊച്ചിൻ റിഫൈനറീസ് പണം അനുവദിക്കുകയും ചെയ്തു. ഇതിനിടെയാണ് കളക്ടർ അനുമതി നിഷേധിച്ചത്.