പറവൂർ : ബൈക്കിൽ പിന്നാലെയെത്തി സ്ത്രീകളെ ആക്രമിച്ചു മാല തട്ടിയെടുക്കുന്ന മോഷ്ടാക്കൾ വിലസുന്നു. മൂന്നു ദിവസത്തിനിടെ രണ്ട് സ്ത്രീകളുടെ മാലയാണ് കവർന്നത്. ഗോതുരുത്ത് ചേരമാൻതുരുത്തിൽ ജോസഫിന്റെ ഭാര്യ ആനിയുടെ (60) മാല ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് മോഷ്ടാക്കൾ കവർന്നത്. ചേന്ദമംഗലം പഞ്ചായത്ത് ഓഫീസിൽ പോയി തിരികെ ഗോതുരുത്തിലെത്തി വീട്ടിലേക്കു നടന്നുപോകുകയായിരുന്നു ഇവർ. ബൈക്കിൽ പിന്നാലെയെത്തിയ മോഷ്ടാക്കൾ മാലപിടിച്ചുവലിച്ചു പൊട്ടിച്ചു കടന്നുകളയുകയായിരുന്നു. നാല് പവന്റെ മാലയാണു നഷ്ടപ്പെട്ടത്. ബൈക്കിൽ രണ്ടു പേർ ഉണ്ടായിരുന്നു. പിന്നിൽ ഇരുന്നയാൾക്കു ഹെൽമെറ്റ് ഇല്ലായിരുന്നു. വടക്കേക്കര പൊലീസ് കേസെടുത്തു.

ഒന്നാം തീയതി പുത്തൻവേലിക്കര കണക്കൻകടവ് ഭാഗത്തുവച്ചു സ്കൂട്ടർ തള്ളിയിട്ടശേഷം വീട്ടമ്മയുടെ മാല പൊട്ടിച്ചിരുന്നു. ചെറുകടപ്പുറം പനയ്ക്കൽ ജോസഫിന്റെ ഭാര്യ ഷീബ (46) ഓടിച്ചിരുന്ന സ്കൂട്ടർ പിന്നാലെ ബൈക്കിലെത്തിയ രണ്ടു മോഷ്ടാക്കൾ ചേർന്നുതള്ളിയിടുകയായിരുന്നു. മറിഞ്ഞുവീണ ഷീബയുടെ മാലപൊട്ടിച്ച് ഇവർ കടന്നുകളഞ്ഞു. പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏറെക്കാലമായി പറവൂർ, വരാപ്പുഴ, ആലങ്ങാട്, കരുമാലൂർ തുടങ്ങിയ പ്രദേശങ്ങളിൽ ബൈക്കിലെത്തി മാല കവരുന്ന നിരവധി സംഭവങ്ങളുണ്ടായി. ഒരാളെ പൊലീസ് പിടികൂടിയെങ്കിലും മാലപൊട്ടിക്കൽ അവസാനിച്ചിട്ടില്ല.